25 April 2024 Thursday

സംസ്ഥാനത്ത് പത്ത്, പ്ലസ് ടു ക്‌ളാസുകള്‍ക്കായി നാളെ മുതല്‍ സ്‌കൂളുകള്‍ തുറക്കും

ckmnews

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും നാളെ ഭാഗികമായി തുറക്കുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടു ഒന്‍പത് മാസത്തെ ഇടവേളക്ക് ശേഷമാണ് വിദ്യാര്‍ഥികള്‍ എത്തുന്നത്. പൊതുപരീക്ഷയ്ക്കു മുന്നോടിയായി ഓണ്‍ലൈന്‍ ക്‌ളാസുകളിലൂടെ പൂര്‍ത്തിയാക്കിയ പാഠഭാഗങ്ങളുടെ സംശയനിവാരണം, റിവിഷന്‍ എന്നിവക്കു വേണ്ടിയാണ് സ്‌കൂളുകള്‍ തുറക്കുന്നത്. 10,12 ക്ലാസുകളില്‍ പഠിക്കുന്ന 7 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് സക്‌ളൂകളിലേക്ക് എത്തുന്നത്. ഹാജര്‍ നിര്‍ബന്ധമാക്കിയട്ടില്ല. സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് രക്ഷാകര്‍ത്താക്കളുടെ സമ്മതപത്രം നിര്‍ബന്ധമാണ്. സ്‌കൂള്‍ തുറക്കുന്ന ആദ്യ ആഴ്ച സുരക്ഷയ്ക്കാണു മുന്‍ഗണന. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍പാലിച്ചാവും പ്രവര്‍ത്തനം. പരമാവധി ഒരുക്‌ളാസില്‍ 15 വിദ്യാര്‍ഥികളാവും ഉണ്ടാകുക. ഒരു ബെഞ്ചില്‍ ഒരാള്‍ക്ക് മാത്രം ഇരിപ്പടം. രാവിലെയും ഉച്ചതിരിഞ്ഞും എന്നതരത്തിലോ ഒന്നിടവിട്ട ദിവസങ്ങളെന്ന രീതിയിലോ ഷിഫ്റ്റ് ക്രമീകരിക്കും.

മാസ്‌ക്ക്, സാനിറ്റെസര്‍ എന്നിവ നിര്‍ബന്ധമാണ്. ക്ലാസിനുള്ളിലും പുറത്തും അധ്യാപകരും വിദ്യാര്‍ഥികളും ശാരീരിക അകലം പാലിക്കും. ഡിഗ്രി, പിജി അവസാന വര്‍ഷക്കാരാണ് കോളജുകളിലെത്തുക. കൊവിഡ് സുരക്ഷ ക്യാമ്ബലുകളിലും കര്‍ശനമാക്കും. മാര്‍ച്ച്‌ അവസാനത്തിന് മുന്‍പ് പ്ലസ് 2, എസ്.എസ്.എല്‍സി പരീക്ഷകള്‍ പൂര്‍ത്തിയാക്കും വിധം അക്കാദമിക്ക് കലണ്ടര്‍ പിന്തുടരും. കോളജുകളിലെ അവസാന വര്‍ഷ പരീക്ഷ സംബന്ധിച്ച്‌ സര്‍വകലാശാലകളാണ് തീരുമാനമെടുക്കുക.