20 April 2024 Saturday

മകരവിളക്ക്‌ ഉത്സവം; ശബരിമല നട ഇന്ന്‌ തുറക്കും

ckmnews

ശബരിമല: മകരവിളക്ക്‌ ഉത്സവത്തിന്റെ ഭാഗമായി ശബരിമല നട ഇന്ന്‌ വൈകിട്ട്‌ 5ന്‌ തുറക്കും. ശ്രീ കോവില്‍ വലംവെച്ച്‌ എത്തുന്ന കണ്‌ഠര്‌ രാജീവരും മേല്‍ ശാന്തി വികെ ജയരാജ്‌ പോറ്റിയും മണിയടിച്ച്‌ നട തുറക്കുന്നതോടെ മകരവിളക്ക്‌ മഹോത്സവത്തിന്‌ തുടക്കമാകും. ഇരുവരും ചേര്‍ന്ന്‌ ശ്രീ കോവിലിലെ നെയ്‌ വിളക്ക്‌ തെളിയിച്ച്‌ ഭസ്‌മത്താല്‍ അഭിഷേകം ചെയ്‌ത യോഗനിദ്രയില്‍ ഉള്ള അയ്യപ്പനെ ഭക്ത ജന സന്നിധ്യം അറിയിക്കും.

ഇന്ന്‌ പ്രത്യേക പൂജകള്‍ ഉണ്ടാകില്ല. നാളെ പുലര്‍ച്ചെ അഞ്ചിന്‌ നട തുറക്കുന്നതോടെ പതിവ്‌ പൂജകള്‍ ആരംഭിക്കും. അപ്പോള്‍ മുതല്‍ താര്‍ഥാടകര്‍ക്ക്‌ പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്താം. ജനുവരി 14നാണ്‌ മകരവിളക്ക്‌. 19വരെയാണ്‌ ഭക്തര്‍ക്ക്‌ ദര്‍ശനം നടത്താന്‍ ആവുക. കൊവിഡ്‌ സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക്‌ ചെയ്‌തവര്‍ക്ക്‌ മാത്രമാണ്‌ ഇത്തവണ ദര്‍ശനത്തിന്‌ അനുമതി.

കൊവിഡ്‌ മാനദണ്ഡങ്ങള്‍ പ്രകാരം ദര്‍ശനത്തിനെത്തുന്നവര്‍ ആര്‍ടിപിസിആര്‍, ആര്‍ടി ലാമ്ബ്‌, എക്‌സ്‌പ്രസ്‌ നാറ്റ്‌ എന്നിവയില്‍ ഏതെങ്കിലും ഒരു പരിശോധന നടത്തി 48 മണിക്കൂറിനകമുള്ള കൊവിഡ്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം. 5000 പേര്‍ക്ക്‌ വീതം പ്രതിദിനം ദര്‍ശനമാകാമെന്നാണ്‌ ഹൈക്കോടതി ഉത്തരവ്‌. ജനുവരി 20ന്‌ രാവിലെ, പന്തളം രാജപ്രതിനിധി ദര്‍ശനം നടത്തിയ ശേഷം ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി നട അടക്കും.

മണ്ഡലകാലത്ത്‌ നിലക്കലില്‍ ആന്റിജന്‍ പരിശോധനാ സൗകര്യം ഉണ്ടായിരുന്നു. മകരവിളക്കിന്‌ ആര്‍ടിപിസിആര്‍ പരിശോധനക്കുള്ള സൗകര്യം നിലക്കലില്‍ ഒരുക്കിയിട്ടില്ല. ഇക്കാര്യം അറിയെതെ സന്നിധാനത്ത്‌ എത്തുന്ന തീര്‍ഥാടകരില്‍ പലര്‍ക്കും ഇവിടെ എത്തിയ ശേഷം തിരിച്ചു പൊകേണ്ടി വരും. ഫലം ലഭിക്കുന്നത്‌ താമസിക്കുന്നതിനാല്‍ വെര്‍ച്വല്‍ ക്യൂ ബുക്ക്‌ ചെയ്‌ത ദിവസവും സമയവും മാറും. ഇത്‌ ദര്‍ശനത്തിനുള്ള അവസരം നഷ്ടമാകുന്നതിന്‌ കാരണമാകും.