29 March 2024 Friday

ആദ്യ ഘട്ടത്തില്‍ 50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം; സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളായി

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ പത്ത്, പ്ലസ്ടു ക്ലാസുകള്‍ ജനുവരിയില്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ്. ആദ്യ ഘട്ടത്തില്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍ക്കൊള്ളിക്കാനാണ് തീരുമാനം. സ്‌കൂളിന്റെ സൗകര്യം കണക്കിലെടുത്താകണം വിദ്യാര്‍ത്ഥികളുടെ എണ്ണം തീരുമാനിക്കാന്‍. സ്‌കൂള്‍ തുറക്കുന്ന ആദ്യ ആഴ്ചയില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന രീതിയിലാണ് ക്ലാസുകള്‍ നടത്തുക.

ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത് രണ്ട് ഷിഫ്റ്റുകളായാണ്. രാവിലെ 10 ആരംഭിച്ച്‌ ഉച്ചയ്ക്ക് ഒരു മണിക്കുള്ളില്‍ അവസാനിക്കുന്നതാകും ആദ്യ ഷിഫ്റ്റ്. രണ്ടിന് ആരംഭിച്ച്‌ 5 മണിക്കുള്ളില്‍ രണ്ടാമത്തെ ഷിഫ്റ്റ് അവസാനിക്കും. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും തമ്മില്‍ രണ്ടു മീറ്റര്‍ എങ്കിലും അകലം പാലിക്കണം. കൊറോണ പ്രതിരോധത്തിനായി സ്‌കൂളുകളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പ്രധാന അദ്ധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

ഓരോ ബാച്ചിന്റേയും ക്ലാസ് തുടങ്ങുന്ന സമയം, ഇടവേള, അവസാനിക്കുന്ന സമയം എന്നിവ വ്യത്യസ്തമായി ക്രമീകരിക്കണം. മുഖാവരണം, മാസ്‌ക്, സാനിറ്റൈസര്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, സോപ്പ്, തുടങ്ങിയവ സ്‌കൂളുകളില്‍ സജ്ജീകരിക്കണം. രോഗലക്ഷണമുള്ള കുട്ടികളെ നിരീക്ഷിക്കാന്‍ ഒരു സിക്ക് റൂം തയ്യാറാക്കണം. പ്രാഥമിക സുരക്ഷാകിറ്റും ലഭ്യമാക്കണം. വിദ്യാര്‍ത്ഥികളുടെ അവബോധത്തിനായി സ്‌കൂള്‍ പരിസരത്ത് സൂചന ബോര്‍ഡുകള്‍ പോസ്റ്ററുകള്‍ എന്നിവ പതിപ്പിക്കണം.

വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ മറ്റു വിദ്യാര്‍ത്ഥികളുമായി പങ്കുവയ്ക്കാന്‍ അനുവദിക്കരുത്. ഒരുമിച്ച്‌ ആഹാരം കഴിക്കുന്നതും ഒഴിവാക്കണം. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച ദിവസങ്ങള്‍ക്ക് ശേഷം മാത്രമെ കൊറോണ ബാധിതരും, ക്വാറന്റൈനില്‍ കഴിയുന്നവരും സ്‌കൂളുകളില്‍ എത്താന്‍ പാടുള്ളൂ. സാമൂഹിക അകലം പാലിക്കണം. മാസ്‌ക് നിര്‍ബന്ധമാക്കണം. എല്ലാ സ്‌കൂളുകളിലും കൊറോണസെല്‍ രൂപീകരിച്ച്‌ ആഴ്ചയില്‍ ഒരു ദിവസം യോഗം കൂടി സാഹചര്യം വിലയിരുത്തണമെന്നും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ പറയുന്നു.