28 March 2024 Thursday

കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചാലും നമുക്ക് നേരിടാനാകും: ആരോഗ്യമന്ത്രി

ckmnews

കേരളത്തില്‍ നിന്നുള്ള സാമ്ബിളുകളില്‍ കോവിഡ് ജനിതകമാറ്റം ഉണ്ടോയെന്ന് ഇതുവരെ അറിയിപ്പ് വന്നിട്ടില്ല എന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ.

വൈറസിന് ജനിതകമാറ്റം സംഭവിച്ചാലും നമുക്ക് നേരിടാനാകും എന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. യു.കെ.യില്‍ നിന്നും കേരളത്തിലേക്ക് വന്നവരുടെ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ച്‌ ഫലം കാത്തിരിക്കുകയാണ്. വൈകുന്നേരത്തോടെ പൂര്‍ണ്ണ വിവരം പ്രതീക്ഷിക്കുന്നു.

എന്നിരുന്നാലും കരുതലും ജാഗ്രതയും തുടരണം എന്നും മന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് വരുന്നവരെ നിരീക്ഷിക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും മന്ത്രി. യു.കെ.യില്‍ നിന്നും ഇന്ത്യയില്‍ എത്തിയ ആറു പേരില്‍ ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ സ്ഥിരീകരിച്ച ആറു കേസുകള്‍ ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലാണ് പരിശോധിച്ചത്. ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മ്മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച കോവിഡ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ കേരളത്തിലും വൈറസിന് ജനിതകമാറ്റം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് കേന്ദ്രമായി നടത്തിയ ഗവേഷണത്തിലാണ് വൈറസുകള്‍ക്ക് ജനിതക മാറ്റമുണ്ടാകുന്നുവെന്ന് കണ്ടെത്തിയത്.

എന്നാല്‍ ഇത് ബ്രിട്ടനില്‍ കണ്ടെത്തിയ അതേ വൈറസ് ശ്രേണി തന്നെയാണോയെന്നറിയാന്‍ കൂടുതല്‍ ഗവേഷണം നടക്കുകയാണെന്ന് മന്ത്രി നേരത്തെ തന്നെ അറിയിച്ചിരുന്നു.