25 April 2024 Thursday

സംസ്ഥാനത്ത്‌ 12 പേർക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു

ckmnews

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് പന്ത്രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 11 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധ. 13 പേരുടെ റിസൾട്ട് നെഗറ്റീവായി. ഇത് വരെ 357 പേര്‍ക്ക് രോഗം സ്ഥീരികരിക്കുകയും 258 പേര്‍ ഇപ്പോൾ ചികിത്സയിൽ കഴിയുകയും ചെയ്യുന്നുണ്ട്. ഇതുവരെ 357 പേർക്ക് രോഗം സ്ഥിരീകരിച്ചു. 258 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 1,36,195 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 135472 പേരും ആശുപത്രികളിൽ 723 പേരും നിരീക്ഷണത്തിലുണ്ട്. 153 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 11469 സാമ്പിളുകളിൽ രോഗബാധയില്ലെന്ന് ഇന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ച് 100 ദിവസം പിന്നിട്ടു. കോവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ എട്ട് വിദേശികളുടെ ജീവൻ രക്ഷിച്ച് നാട്ടിലേക്ക് തിരിച്ചെത്തിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. 83 ഉം 76 ഉം വയസ്സുള്ളവരൊക്കെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. തിരുവനന്തപുരം എറണാകുളം മെഡിക്കൽ കോളേജുകളിലൊക്കെ ആയാണ് ചികിത്സ നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇറ്റിലിയൽ ഒബോട്ടോ ടൊണോസോ, യുകെയിൽ നിന്ന് ലാൻസ്, എലിസബത്ത്, ബ്രയാൻ, ആനി വിൽസൺ, ജാൻ ജാക്സൺ തുടങ്ങിയവരാണ് രോഗമുക്തി നേടിയത്. മാർച്ച് 13 ന് വർക്കലയിലാണ് വിദേശിക്ക് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തെ തിരുവനന്തപുരത്ത് ചികിത്സിച്ചു. മൂന്നാറിൽ നിരീക്ഷണത്തിൽ കഴിയവേ നാട്ടിലേക്ക് പോകാൻ ശ്രമിച്ചപ്പോഴാണ് ബ്രയാൻ നെയിലിനെയും സുഹൃത്തുക്കളെയും നിരീക്ഷണത്തിലാക്കിയത്. ബ്രയാന്റെ നില ഗുരുതരമായിരുന്നു. ഇവരെല്ലാം നാട്ടിലെത്തിയ ശേഷം നമ്മളെ അഭിനന്ദിക്കുകയാണ്. സംസ്ഥാനത്ത് ചികിത്സയിലുള്ളവരിൽ 69 വയസിന് മുകളിലുള്ളവർ 7.5 ശതമാനവും 20 ന് താഴെയുള്ളവർ 6.9 ശതമാനവുമാണ്. പരിശോധനാ സംവിധാനങ്ങൾ വർധിപ്പിക്കും. നാല് ദിവസം കൊണ്ട് പുതിയ നാല് ലാബ് സജ്ജീകരിക്കും. പതിനാല് ജില്ലക്ക് പതിനാല് ലാബ് എന്നാണ് ലക്ഷ്യമാക്കുന്നത്. കാസർകോട് അതിർത്തിയിലൂടെ രോഗികൾക്ക് പോകാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇന്നും ഒരാൾ ചികിത്സ കിട്ടാതെ മരിച്ചു. അത്തരം അനുഭവം ആവർത്തിക്കാതിരിക്കാൻ രോഗികളെ സംസ്ഥാനത്തെ മികച്ച ആശുപത്രിയിലെത്തിക്കും. ആവശ്യമെങ്കിൽ ആകാശമാർഗം സ്വീകരിക്കും. യുഎഇയിലെ 2.8 ദശലക്ഷം പ്രവാസികളിൽ പത്ത് ലക്ഷത്തിലേറെ പേർ മലയാളികളാണ്. കോവിഡ് വ്യാപനം ഗുരുതരമാണിവിടെ. ഇത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. നോർക്ക വിവിധ എംബസികൾക്ക് കത്തയച്ചിരുന്നു. യുഎഇയിലെ സ്കൂൾ ഫീസ് ഒഴിവാക്കണം, പാസ്പോർട്ട് പുതുക്കുന്ന വിഷയത്തിലും ഇടപെട്ടതായി അംബാസിഡർ പവൻ കപൂർ യുഎഇയിൽ നിന്ന് അറിയിച്ചു. കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ മലയാളികളുടെ പ്രശ്‌നം പരിഹരിക്കാൻ ഇടപെടുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയോട് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അറിയിച്ചു. വരുമാനം നിലച്ചു. പൊതുജനാരോഗ്യ പരിപാലനത്തിന് വേണ്ട ചിലവ് വർധിച്ചു. ഓപ്പൺ മാർക്കറ്റിൽ നിന്ന് വായ്പയെടുത്താലേ മുന്നോട്ട് പോകാനാവൂ. സംസ്ഥാനങ്ങൾക്ക് പ്രത്യേക മഹാമാരി ബോണ്ടിന് അൻുവാദം നൽകുക. സംസ്ഥാനത്തിന്റെ വായ്‌പാ പരിധി അഞ്ച് ശതമാനമാക്കും. പുറത്തെ ഏജൻസികളിൽ നിന്ന് വാങ്ങുന്ന വായ്‌പയെ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്ന് ഒഴിവാക്കാനും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മാസ്‌ക് ഉപയോഗം വർധിച്ചു. ഏതൊക്കെ മാസ്‌ക് എവിടെയൊക്കെ ഉപയോഗിക്കണം എന്നതിൽ കൃത്യത വേണം. എൻ95 മാസ്‌ക് രോഗിക്കും രോഗിയെ പരിചരിക്കുന്നവർക്കുമാണ് വേണ്ടത്. പൊതുജനം സാധാരണ തുണി കൊണ്ടുള്ള മാസ്‌ക് ഉപയോഗിച്ചാൽ മതി. അത് കഴുകി ശുദ്ധീകരിച്ച് പുനരുപയോഗിക്കാം