29 March 2024 Friday

സുനാമിയുടെ നടുക്കുന്ന* *ഓര്‍മകള്‍ക്ക് ഇന്ന് 16 വയസ്*

ckmnews

*സുനാമിയുടെ നടുക്കുന്ന* 

*ഓര്‍മകള്‍ക്ക് ഇന്ന് 16 വയസ്*



സുനാമിയുടെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഇന്ന് 16 വയസ് തികയുന്നു. കേരളത്തില്‍ കൊല്ലം അഴീക്കലിലാണ് സുനാമി ഏറ്റവുമധികം ദുരിതം വിതച്ചത്. ഇപ്പോഴും ആ ദുരന്തത്തില്‍ നിന്നും അഴീക്കലുകാര്‍ പൂര്‍ണമായും കരകയറിയിട്ടില്ല. 2004 ഡിസംബര്‍ 26-നായിരുന്നു സുനാമി എത്തിയത്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കു ശേഷം ഉറങ്ങി എഴുന്നേറ്റ പകലിലാണ് അഴീക്കലുകാര്‍ക്ക് എല്ലാം നഷ്ടമാകുന്നത്. 


ഇന്ത്യയുള്‍പ്പെടെയുള്ള 15 രാജ്യങ്ങളില്‍ ദുരന്തം വിതച്ച സുനാമി രണ്ടര ലക്ഷത്തോളം ആളുകളുടെ ജീവനാണ് കവര്‍ന്നെടുത്തത്. ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷങ്ങളില്‍ മുഴുകി ഉറങ്ങിയവര്‍ ദുരന്തത്തിലേക്കാണ് അടുത്ത ദിവസം കണ്ണു തുറന്നത്. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് മുന്നിലുള്ളതെല്ലാം കടലെടുക്കുന്ന കാഴ്ച വേദനയോടെയാണ് ലോക ജനത നോക്കി നിന്നത്.

ഡിസംബര്‍ 26ന് രാവിലെ 7.59നാണ് സുമാത്ര തീരത്ത് കടലിനടിത്തട്ടില്‍ റിക്ടര്‍ സ്‌കെയിലില്‍ 9.1 മുതല്‍ 9.3 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിനു പിന്നാലെ രാക്ഷസത്തിരമാലകള്‍ രൂപം കൊള്ളുകയായിരുന്നു. 

ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് സുനാമി കനത്ത നാശം വിതച്ചത്. ഇന്ത്യയില്‍ തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ ആഞ്ഞടിച്ച സുനാമിയില്‍ 15,000ലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. തമിഴ്നാട്ടില്‍ മാത്രം 7,798 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗികമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലാകമാനം 150-200നുമിടയില്‍ ആളുകള്‍ മരിച്ചുവെന്നാണ് കണക്ക്. കൊല്ലം ജില്ലയില്‍ മാത്രം 100ലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. 


ആഞ്ഞടിച്ച തിരമാല ഇവരില്‍ പലരുടെയും ഉറ്റവരെയും കൊണ്ടുപോയി. അതിന്റെ ആഘാതത്തില്‍ നിന്നും അവര്‍ ഇനിയും മുക്തരായിട്ടില്ല.ക്രിസ്മസ് പിറ്റേന്ന് എത്തിയ സുനാമി തിരമാലയ്ക്ക് പിന്നാലെ വര്‍ഷങ്ങളോളം അവര്‍ക്ക് ഒരു ആഘോഷവും ഉണ്ടായിട്ടില്ല.