25 April 2024 Thursday

വേലിക്കുപുറത്തിറങ്ങരുത് അകത്താകും:ജിയോഫെന്‍സിങ് കൂടുതല്‍ ജില്ലകളിലേക്ക്

ckmnews

കോവിഡ് സംശയിച്ച്‌ ക്വാറന്റൈനില്‍ കഴിയുന്നവര്‍ വിലക്കുലംഘിച്ച്‌ പുറത്തിറങ്ങിയാല്‍ കണ്ടെത്തുന്ന ജിയോഫെന്‍സിങ് കൂടുതല്‍ ജില്ലകളിലേക്ക്. വീടിന്റെ നിശ്ചിതപരിധിക്കുള്ളില്‍നിന്ന് പുറത്തുകടക്കുന്നവരെ പിടികൂടിത്തുടങ്ങി. കോട്ടയം ജില്ലാ പോലീസാണിത് ആദ്യം തുടങ്ങിയത്.

ജി.പി.എസ്. (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) അടിസ്ഥാനത്തിലാണ് ജിയോഫെന്‍സിങ്. ക്വാറന്റൈനില്‍ ഉള്ളവരുടെ വീടുകള്‍ക്കുചുറ്റും സാങ്കല്പികവേലി (അതിര്‍ത്തി) നിശ്ചയിക്കും. നിരീക്ഷണത്തിലുള്ളയാളുടെ മൊബൈല്‍നമ്ബറടക്കമുള്ളവ ഉപയോഗിക്കും. അതിരഹസ്യമായാണ് വിവരശേഖരണം.

ആരോഗ്യവകുപ്പില്‍നിന്നാണ് നിരീക്ഷണത്തിലുള്ളവരുടെ പേരുവിവരങ്ങള്‍ പോലീസ് ആസ്ഥാനത്തെ കോവിഡ് കണ്‍ട്രോള്‍ റൂമില്‍ കിട്ടുന്നത്.ഇത് ആഭ്യന്തര വകുപ്പിന് കൈമാറും. തുടര്‍ന്ന് ടെലികോം വകുപ്പിന്റെയും സര്‍വീസ് ദാതാക്കളുടെയും സഹായംതേടും. ക്വാറന്റൈനിലുള്ളയാള്‍ വീടുവിട്ട് പുറത്തിറങ്ങുകയോ യാത്രചെയ്യുകയോ ചെയ്താല്‍ സൈബര്‍സെല്ലിലെ ജിയോഫെന്‍സിങ് സോഫ്റ്റ്‌വേറില്‍ അത് രേഖപ്പെടുത്തും. ഉദ്യോഗസ്ഥര്‍ക്ക് വിവരംകിട്ടുന്നതോടെ ആരോഗ്യവകുപ്പും പോലീസും നിര്‍ദേശിച്ചിട്ടുള്ള നടപടികള്‍ നേരിടേണ്ടിവരും. അറസ്റ്റാണ് ഇതിലൊന്ന്.

താഴേത്തട്ടില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുകീഴിലുള്ള സന്നദ്ധപ്രവര്‍ത്തകരാണ് ഇവരുടെ ചലനങ്ങള്‍ നിരീക്ഷിക്കുന്ന ഒരുവിഭാഗം. ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരും ഇവരുടെ വിവരങ്ങള്‍ തിരക്കും. ആരോഗ്യവകുപ്പ് കൂടെക്കൂടെ വിളിച്ച്‌ കാര്യങ്ങള്‍ അന്വേഷിക്കുകയുംചെയ്യും. ക്വാറന്റൈനിലാകുന്നവരുടെ വീടിനുമുന്നില്‍ സ്റ്റിക്കര്‍ പതിച്ച്‌ പരിസരവാസികള്‍ക്ക് മുന്നറിയിപ്പും നല്‍കുന്നു. അയല്‍വാസികളുടെ സഹായവും തേടുന്നു. എന്നാല്‍പ്പോലും ചിലയിടങ്ങളില്‍ ആളുകള്‍ ഇതൊന്നും വകവെക്കാതെ പുറത്തിറങ്ങുകയാണ്. ഇത്രയും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും കണ്ണുവെട്ടിച്ച്‌ വെളിയില്‍ചാടുന്നവരെ തടയിടാന്‍കൂടിയാണ് ജിയോഫെന്‍സിങ്