28 March 2024 Thursday

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: തയ്യാറാണെന്ന്‌ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍

ckmnews



ന്യൂഡൽഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് സംവിധാനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ. രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത് ദിവസങ്ങൾക്ക് പിന്നാലെയാണ് പുതിയ തിരഞ്ഞെടുപ്പ് സംവിധാനത്തിന് തയ്യാറാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ന്യൂസ് 18-നോട് വ്യക്തമാക്കിയത്. നിലവിലുള്ള നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തിയാൽ ഒറ്റ തിരഞ്ഞെടുപ്പ് നടത്താൻ കമ്മിഷൻ ഒരുക്കമാണെന്ന് സുനിൽ അറോറ അറിയിച്ചു.


രാജ്യത്തെ വികസന പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ ഇടയ്ക്കിടെ നടക്കുന്ന നിലവിലെ തിരഞ്ഞെടുപ്പ് രീതിയിൽ മാറ്റം വരുത്തണമെന്നും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഒറ്റ വോട്ടർ പട്ടിക എന്ന രീതി നടപ്പിലാക്കണമെന്നും പ്രധാനമന്ത്രി നവംബറിൽ നിർദേശിച്ചിരുന്നു. മാസങ്ങളുടെ ഇടവേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് മൂലം വികസനപ്രവർത്തനങ്ങൾ തടസ്സപ്പെടുമെന്നും അതിനാൽ ആവശ്യമായ പഠനം നടത്തി തിരഞ്ഞെടുപ്പ് രീതിയിൽ മാറ്റം വരുത്തണമെന്ന് മോദി പറഞ്ഞു.


ഒറ്റ തിരഞ്ഞെടുപ്പ് രീതി നേരത്തെയും വിവിധ സന്ദർഭങ്ങളിൽ ഉയർന്നിട്ടുള്ള ആശയമാണ്. 2015-ലും 2018-ലും വിവിധ സമിതികൾ രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് നടത്താൻ ശുപാർശ ചെയ്തിരുന്നു. അപ്രായോഗികമായ ആശയമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഈ തിരഞ്ഞെടുപ്പ് രീതിയെ വിലയിരുത്തുന്നത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് രീതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്തം വർധിപ്പിക്കും.