19 April 2024 Friday

വരുംദിനങ്ങള്‍ നിര്‍ണായകം; കോവിഡ് കേസുകള്‍ വന്‍തോതില്‍ ഉയരുമെന്ന് ആരോഗ്യമന്ത്രി; അതീവജാഗ്രത വേണം

ckmnews

വരും ദിനങ്ങള്‍ നിര്‍ണ്ണായകമാണെന്നും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ. തെരഞ്ഞെടുപ്പിനു ശേഷം കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍തോതില്‍ വര്‍ധനവുണ്ടാകുമെന്നു തന്നെയാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇനിയാണു നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതെന്ന കരുതലുണ്ടാവണം. മാസ്‌ക്ക് ധരിക്കണം, കൈകള്‍ സാനിറ്റൈസ് ചെയ്യണം, രണ്ടു മീറ്റര്‍ അകലം പാലിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളൊക്കെ അനുസരിക്കണമെന്നും ആരോഗ്യമന്ത്രി പറയുന്നു.

ഇനിയുള്ള ഓരോ ദിവസവും കൂട്ടായ്മകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. വളരെ അത്യാവശ്യത്തിനു മാത്രമേ പുറത്തിറങ്ങാവൂ. ഓരോ വ്യക്തിയും സെല്‍ഫ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം. വാക്സിന്‍ പൂര്‍ണ്ണമായി വരുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരണം. രണ്ടാഴ്ച്ചക്കാലം ഏറെ കരുതിയിരിക്കണം. എത്രമാത്രം വര്‍ധനവുണ്ടാകുമെന്നു രണ്ടാഴ്ച്ചകൊണ്ടു മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

പ്രതിദിനം ഇരുപതിനായിരം കേസു വരെ ഉണ്ടാകുമെന്നു പ്രവചിക്കപ്പെട്ടിരുന്നെങ്കിലും അതു താഴ്ത്തി നിര്‍ത്താന്‍ സാധിച്ചിരുന്നു. നാമിപ്പോള്‍ പുതിയ ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വലിയ തോതില്‍ ആളുകളുടെ കൂടിച്ചേരലുണ്ടായി. കോവിഡിന്റെ ഗ്രാഫ് വീണ്ടുമുയരുമെന്ന ഭയം ഇപ്പോള്‍ നമ്മളിലുണ്ട്. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ കേസുകളുണ്ടായാല്‍ കൈകാര്യം ചെയ്യാനായി ആരോഗ്യവകുപ്പും ഒരുങ്ങുന്നുണ്ട്. എന്നാല്‍ ക്രമാതീതമായി കേസുകളുണ്ടായാല്‍, ആശുപത്രികള്‍ക്കും മറ്റും അതു കൈകാര്യം ചെയ്യാന്‍ കഴിയാതെ വരും. അതുകൊണ്ടാണ് ഓരോ വ്യക്തിയും ഒരുങ്ങണമെന്ന് ഓര്‍മ്മിപ്പിക്കുന്നതെന്ന് മന്ത്രി.