25 April 2024 Thursday

സ്വന്തം പേരില്‍ ഒന്‍പതില്‍ അധികം സിം കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ മടക്കിനല്‍കണമെന്ന് കേന്ദ്രം

ckmnews

ന്യൂ‍ഡല്‍ഹി : സ്വന്തം പേരില്‍ ഒന്‍പതില്‍ അധികം സിം കാര്‍ഡുകള്‍ എടുത്തിട്ടുള്ളവര്‍ മടക്കി നല്‍കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍.

ജനുവരി പത്താം തീയതിക്കകം സിമ്മുകള്‍ അതതു സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് മടക്കിയേല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുള്ള സന്ദേശം ഉപഭോക്താക്കള്‍ക്ക് ടെലികോം മന്ത്രാലയം അയച്ചു തുടങ്ങി.

കേന്ദ്രസര്‍ക്കാരിന്റെ ചട്ടമനുസരിച്ച്‌ പരമാവധി ഒന്‍പത് സിമ്മുകളാണ് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാന്‍ കഴിയുന്നത്. അധികമായുള്ള സിം കാര്‍ഡുകള്‍ തിരികെ നല്‍കിയില്ലെങ്കില്‍ നേരിട്ട് നോട്ടിസ് നല്‍കാനാണ് ടെലികോം മന്ത്രാലയത്തിന്റെ തീരുമാനം.

ഒരു വ്യക്തിക്ക് ഒരു കമ്ബനിയുടെ എത്ര സിം ഉണ്ടെന്ന കണക്ക് മാത്രമേ അതതു കമ്ബനികള്‍ക്ക് ഉണ്ടാവൂ. എന്നാല്‍ ടെലികോം മന്ത്രാലയത്തിന്റെ കൈവശം ഒരാള്‍ക്കുള്ള സിം കാര്‍ഡുകളുടെ പൂര്‍ണ വിവരങ്ങള്‍ ഉണ്ടാകും.

സാധാരണഗതിയില്‍ ദീര്‍ഘകാലം ഉപയോഗിക്കാതെയിരിക്കുന്ന സിം കാര്‍ഡുകള്‍ റദ്ദാക്കുകയാണ് പതിവ്.