28 March 2024 Thursday

പാലക്കാട് നഗരസഭയില്‍ ജയ്‍ശ്രീറാം ഫ്ലക്സ് വെച്ചസംഭവം; പൊലീസ് കേസെടുത്തു

ckmnews

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ പാലക്കാട് നഗരസഭാ മന്ദിരത്തിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയില്‍ ടൗണ്‍ പൊലീസാണ് കേസെടുത്തത്. വിഷയത്തില്‍ പാലക്കാട് എസ്‍പി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 


ഭരണഘടനാ സ്ഥാപനമായ മുനിസിപ്പൽ ഓഫീസിന് മുകളിൽ കയറി ഹിന്ദുത്വ മുദ്രാവാക്യം മുഴക്കുകയും 'ജയ് ശ്രീറാം' എന്ന ബാനർ ചുവരിൽ വിരിക്കുകയും ചെയ്തത് ബിജെപി നേതാക്കളുടെ അറിവോടെ സംഘപരിവാർ പ്രവർത്തകരെ ഉപയോഗിച്ചാണെന്നാണ് ടൗൺ സൗത്ത് പൊലീസിൽ നൽകിയ പരാതിയിൽ സിപിഎം ആരോപിച്ചത്.


ഒരുമതവിഭാഗത്തിന്‍റെ ചിഹ്നങ്ങളും മുദ്രാവാക്യവും ഉയർത്തി സമൂഹത്തിൽ മതസ്പർദ്ധ വളർത്തി ബോധപൂർവം പ്രകോപനവും കലാപവും സൃഷ്ടിക്കാനും നഗരസഭയിൽ ശ്രമിച്ചു. കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണെമെന്നും ടൗൺ സൗത്ത് പൊലീസിൽ നൽകിയ പരാതിയിൽ സിപിഎം മുനിസിപ്പൽ സെക്രട്ടറി ടി കെ നൗഷാദ് ആവശ്യപ്പെട്ടു. ബിജെപി പ്രവർത്തകരുടെ നടപടിക്കെതിരെ നേരത്തെ കോൺഗ്രസും പരാതി നൽകിയിരുന്നു. 


വോട്ടെണ്ണൽ ദിനത്തിൽ ബുധനാഴ്ച ഉച്ചയോടയാണ് സംഭവം. നഗരസഭ ഭരണമുറപ്പാക്കിയതിനിടെ, ഒരു സംഘം ബിജെപി പ്രവർത്തകർ നഗരസഭ മന്ദിരത്തിന് മുകളിൽ കയറി ഫ്ലക്സുകൾ തൂക്കുകയായിരുന്നു. ഒന്നിൽ ശിവജിയുടെ ചിത്രത്തിനൊപ്പം ജയ് ശ്രീറാം എന്ന് എഴുതിയിരുന്നു. രണ്ടാമത്തേതിൽ മോദി, അമിത് ഷ എന്നിവർക്കൊപ്പം വന്ദേമാതരവും. ഇത് ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ പൊലീസിടപെട്ട് നീക്കി. ദൃശ്യങ്ങൾ വലിയ വിമർശനത്തോടെയാണ്   സമൂഹ മാധ്യമങ്ങളടക്കം ചർച്ചയാക്കിയത്


ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ബി.ജെ.പിക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇങ്ങനെയും ചിലത് കാണേണ്ടിവരുന്നത് ജനാധിപത്യത്തിന്റെ ദുര്യോഗമെന്ന് വി.ടി ബല്‍റാം എം.എല്‍.എ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയാണ് ഇതിലൂടെ പുറത്തുവന്നതെന്നും വിഷയത്തില്‍ പരാതി നല്‍കുമെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ്‌ വി.കെ ശ്രീകണ്ഠന്‍ എം.പിയും പറഞ്ഞു.