24 April 2024 Wednesday

കാര്‍ഷികനിയമങ്ങള്‍ നടപ്പാക്കുന്നത് തത്കാലം നിർത്തിവെച്ചുകൂടെയെന്ന് സുപ്രീം കോടതി

ckmnews


സമരം തീരാതെ ബാബ രാംസിങിന്‍റെ മൃതദേഹം സംസ്‍കരിക്കില്ല

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത് വരെ നിയമം നടപ്പാക്കില്ല എന്ന ഉറപ്പ് നല്‍കാന്‍ കഴിയുമോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആരാഞ്ഞു. സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനം അറിയിക്കാം എന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. അതേസമയം, കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം ഉണ്ടെന്നും അതില്‍ ഇടപെടില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഡല്‍ഹി അതിര്‍ത്തിത്തിയില്‍ ഉള്ള കര്‍ഷകരുടെ സമരം നീക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് കാര്‍ഷിക നിയമങ്ങള്‍ കോടതിയുടെ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത് നടപ്പാക്കില്ലെന്ന എന്ന ഉറപ്പ് നല്‍കാമോ എന്ന് കോടതി ആരാഞ്ഞത്. ഇത് ചര്‍ച്ചകള്‍ക്ക് വഴി ഒരുക്കുമെന്ന്‌ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ചൂണ്ടിക്കാട്ടി. നിയമം നടപ്പാക്കില്ലെന്ന ഉറപ്പ് നല്‍കിയാല്‍ കര്‍ഷകര്‍ ചര്‍ച്ചക്ക് വരില്ല എന്ന ആശങ്ക അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, നിയമം നടപ്പാക്കുന്നത് നിർത്തിവെക്കാന്‍ കഴിയില്ലെന്ന് സോളിസിറ്റര്‍ ജനറലും കോടതിയില്‍ ചൂണ്ടിക്കാട്ടി.

സമരം ചെയ്യാനുള്ള കര്‍ഷകരുടെ മൗലിക അവകാശം അംഗീകരിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പക്ഷേ, അത് മറ്റുള്ളവരുടെ അവകാശം ലംഘിച്ച് കൊണ്ട് ആകരുത്. നിക്ഷ്പരായ വിദഗ്ദ്ധര്‍ അടങ്ങുന്ന സമിതിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കണം. ഇരുപക്ഷങ്ങള്‍ക്കും അവരുടെ നിലപാട് ആ സമിതിക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയണം. തുടര്‍ന്ന് സമിതി നല്‍കുന്ന ശുപാര്‍ശ ഇരുവിഭാഗങ്ങളും അംഗീകരിക്കണമെന്നും ചീഫ് ജസ്റ്റിസ്  പറഞ്ഞു. എന്നാല്‍, സമിതി  രൂപീകരണത്തിലേക്ക് ഇന്ന് കോടതി കടന്നില്ല. 

വഴി തടഞ്ഞുള്ള സമരം കര്‍ഷകന്‍ അവസാനിപ്പിക്കണമെന്നു അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടു.  ടിക്റി, സിംഗു അതിര്‍ത്തികള്‍ സമരക്കാര്‍ അടച്ചിരിക്കുകയാണ്. കര്‍ഷകര്‍ നാട്ടിലേക്ക് മടങ്ങട്ടെ. നേതാക്കള്‍ ചര്‍ച്ചകള്‍ക്കായി തുടരട്ടെ. ഡല്‍ഹി അതിര്‍ത്തിയിലെ പ്രതിഷേധത്തെ തുടര്‍ന്ന്  കോവിഡ് വ്യാപിക്കുകയാണെന്നും  അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ആരോപിച്ചു. 

സമാധാനപൂര്‍വ്വം ഡല്‍ഹിയില്‍ പ്രതിഷേധം നടത്താനാണ് കര്‍ഷകരുടെ ആഗ്രഹമെന്ന് പഞ്ചാബ് സര്‍ക്കാറിന് വേണ്ടി ഹാജരായ പി. ചിദംബരം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രതിഷേധക്കാരെ തടയുകയാണ്. പോലീസാണ് അതിര്‍ത്തി അടച്ചത്. അതിര്‍ത്തി അടച്ച ശേഷം സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന്‌ കേന്ദ്ര  സര്‍ക്കാരിന് പറയാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ത്ത് ബില്ലുകളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും  പി. ചിദംബരം കോടതിയില്‍ വാദിച്ചു.

ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടിവിക്കാന്‍ കോടതി തയ്യാറായില്ല. ക്രിസ്മസ്‌, പുതുവത്സര അവധികള്‍ക്ക് ശേഷം കോടതി തുറക്കുമ്പോള്‍ ഹര്‍ജി വീണ്ടും പരിഗണിക്കും. ഇതിനിടയില്‍ ഹര്‍ജിക്കാര്‍ക്ക് ആവശ്യമെങ്കില്‍ അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി,

സര്‍ക്കാര്‍ സമീപനത്തിൽ പ്രതിഷേധിച്ച് സിംഗുവിലെ സമരസ്ഥലത്തിന് അടുത്ത് ആത്മഹത്യ ചെയ്ത സിഖ് പുരോഹിതന്‍ ബാബ രാംസിങിന്‍റെ മൃതദേഹം സംസ്‍ക്കരിക്കില്ല. കര്‍ഷക സമരം തീരാതെ മൃതദേഹം സംസ്‍കരിക്കില്ലെന്ന നിലപാടിലാണ് സംഘടനകള്‍. ഹരിയാനയിലെ ഗുരുദ്വാരയില്‍ തന്നെ മൃതദേഹം സൂക്ഷിക്കും. സമരത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സിഖ് പുരോഹിതന്‍ ആത്മഹത്യ ചെയ്തത്. കാർഷിക ഭേദഗതി നിയമം  കർഷകർക്ക് ഗുണകരമാണെന്ന് ചൂണ്ടിക്കാണിച്ച് കൃഷിമന്ത്രി നരേന്ദ്ര തോമര്‍ കര്‍ഷകര്‍ക്ക് തുറന്ന കത്തെഴുതി. ട്രെയിൻ തടയുകയും സൈനികർക്കുള്ള റേഷൻ തടസ്സപ്പെടുത്തുകയും ചെയ്യുന്നവർ  കർഷകർ അല്ലെന്നും കത്തിൽ കൃഷിമന്ത്രി പറയുന്നുണ്ട്. 

ചര്‍ച്ചകൾ നടക്കുന്ന സാഹചര്യത്തിൽ കാര്‍ഷിക നിയമങ്ങൾ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാനാകുമോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. കര്‍ഷകരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തിൽ ഇടപെടില്ല എന്നും കോടതി പറഞ്ഞു. റോഡ് ഉപരോധിച്ച് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിനെതിരെയുള്ള ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. പ്രതിഷേധിക്കാൻ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. റോഡ് ഉപരോധിച്ച് പ്രതിഷേധം തുടര്‍ന്നാൽ ദില്ലിയിലെ ജനങ്ങൾക്ക് വിശന്നുകിടക്കേണ്ടിവരും. 

അക്കാര്യം മാത്രം പരിശോധിക്കാമെന്ന് അറിയിച്ച കോടതി അതുവരെ കാര്‍ഷിക നിയമങ്ങൾ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാനാകുമോ എന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചത്.  സര്‍ക്കാരുമായി ആലോചിച്ച് നിലപാട് അറിയിക്കാമെന്ന് അറ്റോര്‍ണി ജനറൽ കെ കെ വേണുഗോപാൽ മറുപടി നൽകി. പ്രക്ഷോഭത്തിനിടെ ഇന്ന് ഒരു കര്‍ഷകൻ കൂടി ഇന്ന് മരിച്ചു. ദില്ലി നിയമസഭയിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കീറിയെറിഞ്ഞു.