25 April 2024 Thursday

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ckmnews


തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് . കണ്ണൂരിൽ നാല് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആലപ്പുഴ രണ്ട് , പത്തനംതിട്ട , ആലപ്പുഴ തൂശൂര്‍ കാസര്‍കോട് എന്നിവിടങ്ങളിൽ ഒന്നു വീതവും വൈറസ് ബാധിതരാണ് ഇന്നുള്ളത്. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ നാല് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. നിസ്സാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടിുണ്ട്. മൂന്ന് പേർക്ക് സമ്പർക്കം മൂലമാണ് അസുഖമുണ്ടായത്.


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ വലിയ ആശ്വാസത്തിന്‍റെ ദിനങ്ങളാണ്. കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമില്ല. കണ്ണൂരിലും പാലക്കാട്ടും കൊവിഡ് ക്യാമ്പുകൾ അവസാനിപ്പിച്ചു. ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന്‍റെ തീരുമാനം കാത്തിരിക്കാനാണ് കേരളത്തിന്‍റെ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. 


13 പേരുടെ ഫലം നെഗറ്റീവായി. തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിൽ നിന്ന് മൂന്ന് പേർ‍ക്ക് വീതം രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന് രണ്ട് പേർ വീതം. കണ്ണൂരിൽ നിന്ന് ഒരാൾക്ക് വീതം രോഗമില്ലെന്ന് കണ്ടെത്തി.ഇതുവരെ 345 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 259 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 1,40,470 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 749 പേരാണ് ആശുപത്രികളിൽ. ബാക്കിയുള്ളവർ വീടുകളിൽ. 169 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 


ഇത് വരെ സാമ്പിളുകളയച്ചത് 11956 എണ്ണമാണ്. ഇതിൽ 10906 എണ്ണത്തിൽ രോഗബാധയില്ലെന്നുറപ്പാക്കി. നിസ്സാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 212 പേരെയാണ് നമ്മുടെ സംസ്ഥാനത്ത് കണ്ടെത്തിയത്. ഇതിൽ ഇന്നത്തെ രണ്ട് ഉൾപ്പടെ 15 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 


ഒപ്പം ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ കാസർകോട് മെഡിക്കൽ കോളേജിനായി പുതുതായി 273 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനമായി. ഇതിന്‍റെ ആദ്യഘട്ടത്തിൽ 300 കിടക്കകളോടെ 24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിതവിഭാഗം, ഒപി, ഐപി സേവനങ്ങളോടു കൂടിയ ആശുപത്രി ഉടൻ പ്രവർത്തനക്ഷമമാക്കും. പുതുതായി സൃഷ്ടിച്ച തസ്തികകളിൽ പകുതി എണ്ണത്തിലും ഉടനടി നിയമനം നടത്തുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിട്ടുണ്ട്. 


അതേസമയം രോഗ വ്യാപനത്തിന്‍റെ സാഹചര്യം നിയന്ത്രിക്കാനായെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നുമാണ് സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പ് അധികൃതരും വിലയിരുത്തുന്നത്. ലോക്ക് ഡൗൺ ഒറ്റയടിക്ക് പിൻവലിക്കുന്നതിനോട് യോചിപ്പില്ല. അതേ സമയം കേന്ദ്ര നിര്‍ദ്ദേശമനുസരിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലതെന്നും ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു. 


സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ ഗ്രേഡ് 2 സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് 99 പേരുടെ നിയമന ഉത്തരവുകൾ അയച്ചിട്ടുണ്ട്. ഇവർക്ക് അടിയന്തരനിയമനം നൽകും. പരിശോധനാ കിറ്റുകൾ 20,000 എണ്ണം ഐസിഎംആർ വഴി നാളെ കിട്ടും.


ഇന്ന് 1940 ചരക്ക് ലോറികൾ സംസ്ഥാനത്തേക്ക് വന്നു. ഇന്നലത്തേിൽ നിന്ന് കൂടി. അത്യാവശ്യഘട്ടം വന്നാൽ ഉപയോഗിക്കാനുള്ള കിടക്കകളും മുറികളും കണ്ടെത്തുന്നതിൽ വലിയ പുരോഗതിയുണ്ട്. പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയ 1,73,000 കിടക്കകളിൽ 1,10,000 ഇപ്പോൾത്തന്നെ ഉപയോഗിക്കാവുന്നതാണ്.


കാസർകോട് അതിർത്തിയിൽ നമ്മുടെ ഡോക്ട‍ർമാർ സജീവമായി രംഗത്തുണ്ട്. കൊവിഡ് സർട്ടിഫിക്കറ്റ് കിട്ടാത്ത പ്രശ്നമുണ്ടാകില്ല. അത്യാസന്ന നിലയിലുള്ളവരും അടിയന്തര ചികിത്സ ആവശ്യമുള്ളവരും അങ്ങോട്ട് പോയാൽ മതി. 


മംഗലാപുരത്ത് എത്തിയ ചില രോഗികൾക്കുണ്ടായ അനുഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് കർണാടക സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തും. 


കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക