19 April 2024 Friday

കുട്ടികളുടെ അശ്ലീല ചിത്രം തിരയല്‍; 350 പേര്‍ പൊലീസ് നീരീക്ഷണത്തില്‍; നിരീക്ഷണത്തിലുള്ളത് സ്ഥിരമായി ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നവര്‍;നടപടി ഒപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി

ckmnews

ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോയും തിരയുന്നവര്‍ക്കെതിരെയും ഡൗണ്‍ലോഡ്, അപ്ലോഡ് ചെയ്യുന്നവര്‍ക്കെതിരെയും ശക്തമാ നടപടിക്കൊരുങ്ങി പൊലീസ്.കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്ന ഓപ്പറേഷന്‍ പി-ഹണ്ട് പദ്ധതിയുടെ ഭാഗമായാണിത്.ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന 350 പേരുടെ വിവരശേഖരമൊരുക്കി പൊലീസ്. കേരള സൈബര്‍ ഡോമും കൗണ്ടറിങ് ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ വിഭാഗവുമാണ് വിവരം ശേഖരിച്ചത്.

ഡാര്‍ക്‌നെറ്റ് വെബ്‌സൈറ്റുകളിലും രഹസ്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലും സ്ഥിരമായി കുട്ടികളുടെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നവരെയും ഡൗണ്‍ലോഡ് ചെയ്യുന്നവരെയുമാണ് നിരീക്ഷിക്കുന്നത്.പൊലീസ് സജ്ജമാക്കിയ സോഫ്റ്റ്‌വെയര്‍ വഴിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതില്‍ പകുതിയോളം പേര്‍ക്കെതിരേ കുറ്റം ചുമത്താവുന്ന തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറ്റകൃത്യം മറയ്ക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ മറ്റ് ഏജന്‍സികളുടെ സഹകരണവും തേടുന്നുണ്ട്. നോട്ടപ്പുള്ളികളുടെ സൈബര്‍ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍സമയവും നിരീക്ഷണത്തിലാണ്.

ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ സഹകരണത്തോടെ നടത്തിയ വിവരശേഖരണത്തിനു പിന്നാലെയാണ് ഓപ്പറേഷന്‍ പി-ഹണ്ട് എന്നപേരില്‍ പരിശോധനകള്‍ ആരംഭിച്ചത്. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കൈമാറാന്‍ മാത്രം രഹസ്യമായി പ്രവര്‍ത്തിക്കുന്ന ചാറ്റ്‌റൂമുകള്‍, രഹസ്യ സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകള്‍ എന്നിവയും നിരീക്ഷണത്തിലാണ്.ജൂണ്‍, ഒക്ടോബര്‍ മാസങ്ങളില്‍ സംസ്ഥാനവ്യാപകമായി പരിശോധന നടത്തുകയും ഒട്ടേറെ പേരെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.