29 March 2024 Friday

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍:പ്രതീക്ഷയോടെ മുന്നണികള്‍

ckmnews

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍:പ്രതീക്ഷയോടെ മുന്നണികള്‍


മലപ്പുറം: ഒരു മാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന് ഒടുവില്‍ സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ മുന്നണികളും സ്ഥാനാര്‍ത്ഥികളും നെഞ്ചിടിപ്പിലാണ്.രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചന എട്ടരയോടെ അറിയാം. ഉച്ചയോടെ മുഴുവന്‍ ഫലവും പുറത്തുവരും.കൊവിഡ് മഹമാരി കാലത്ത് പ്രതീക്ഷിച്ചതിലും വലിയ പോളിംഗുണ്ടായ തിരഞ്ഞെടുപ്പില്‍ വലിയ ആത്മവിശ്വാസം മുന്നണി നേതൃത്വം പ്രകടപ്പിക്കുന്നു.


വോട്ടിംഗിന്റെ പ്രദേശിക വിലയിരുത്തല്‍ നടത്തിയ എല്‍ ഡി എഫ് 2015ലേത് പോലുള്ള വിജയം ഇക്കുറിയും ഉണ്ടാകുമെന്നാണ് അവകാശപ്പെടുന്നത്. കഴിഞ്ഞ തവണ വിജയിച്ച കോര്‍പറേഷനുകളും ജില്ലാ പഞ്ചായത്തുകളും നിലനിര്‍ത്തുമെന്നും എറണാകുളം കോര്‍പറേഷന്‍ പിടിച്ചടക്കുമെന്നും എല്‍ ഡി എഫ് പറയുന്നു. ഭൂരിഭാഗം ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും ഇടത് ഭരണം തുടരുമെന്നും സര്‍ക്കാറിന്റെ നേട്ടങ്ങള്‍ വോട്ടായി മാറിയിട്ടുണ്ടെന്നും പോളിംഗിന് ശേഷം ഇടത് നേതാക്കള്‍ പറയുന്നു.


യു ഡി എഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ.് പാര്‍ട്ടി കോട്ടകളായ എറണാകുളം, മലപ്പുറം, വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും അധികാരത്തിലെത്തുമെന്ന് ഇവര്‍ പറയുന്നു. കൊച്ചി, കണ്ണൂര്‍ കോര്‍പറേഷന്‍ നിലനിര്‍ത്തുമെന്നും തൃശ്ശൂര്‍ കോര്‍പറേഷന്‍ പിടിച്ചെടുക്കതുമെന്നും യു ഡി എഫ് നേതാക്കള്‍ പറയുന്നു. സര്‍ക്കാറിനെതിരായ അഴിമതി ആരോപണങ്ങള്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്തതായും ഭരണവിരുദ്ധ വികാരമുണ്ടാകുമെന്നും ഇവര്‍ പറയുന്നു.


ബി ജെ പി നേതൃത്വത്തിനും ചില വിജയ പ്രതീക്ഷകളുണ്ട്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അധികാരത്തിലെത്തുമെന്ന് ബി ജെ പി അവകാശപ്പെടുന്നു. പാലക്കാട് മുനിസിപാലിറ്റിയില്‍ ഭരണം നിലനിര്‍ത്തുമെന്നും തിരുവനന്തപുരം കോര്‍പറേഷനില്‍ ചരിത്ര വിജയം നേടുമെന്നും ഇവര്‍ പറയുന്നു.തെക്കന്‍ കേരളത്തിലേയും മധ്യ കേരളത്തിലേയും വോട്ടിംഗ് ശരാശരിയെ വടക്കന്‍ ജില്ലകള്‍ മറികടന്നു. 73.12, 76.78 എന്നിങ്ങനെയായിരുന്നു ആദ്യ രണ്ടുഘട്ടങ്ങളിലെ വോട്ടിംഗ് ശതമാനം. മൂന്നാംഘട്ടത്തിലെ 78.64 ശതമാനമാണെങ്കിലും അന്തിമ കണക്ക് ഇന്ന് പുറത്തുവരും. കോഴിക്കോട് 79, മലപ്പുറം 78.87, കണ്ണൂര്‍ 78.57, കാസര്‍ഗോഡ് 77.17 ഇങ്ങനെയാണ് ജില്ലകളിലെ കണക്ക്. ജില്ലകളില്‍ 79.46 ശതമാനം പേര്‍ വോട്ടു ചെയ്ത വയനാടാണ് കണക്കില്‍ മുന്നില്‍. പത്തനംതിട്ടയിലാണ് വോട്ടിംഗ് ശതമാനം കുറവ് 69.7 ശതമാനം. നഗര-ഗ്രാമഭേദമില്ലാതെ കനത്ത പോളിംഗായിരുന്നു മൂന്നാംഘട്ടത്തില്‍. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 71.65 ഉം കോഴിക്കോട്ട് 70.29 ശതമാനവും പോളിംഗ് നടന്നു. കോര്‍പ്പറേഷനുകളില്‍ ഏറ്റവും കൂടുതല്‍ പോളിംങ് രേഖപ്പെടുത്തിയത് കണ്ണൂരില്‍. സിപിഎം ശക്തികേന്ദ്രമായ ആന്തൂര്‍ 89.38 ശതമാനത്തോടെ മുന്‍സിപ്പാലിറ്റികളില്‍ മുന്നിലെത്തി.