കോവിഡ് ബാധിച്ച രക്ഷിതാവിനെ ഉപേക്ഷിക്കുന്ന മക്കള്‍, ഇടുക്കിയില്‍ നിന്ന് ഇതാ രണ്ടാമത്തെ സംഭവം ! കോവിഡ് പോസിറ്റീവായ 65കാരിയെ മരത്തിന്റെ ചുവട്ടിലിരുത്തി മകന്‍ കടന്നു

ഇടുക്കി: കോവിഡ് രോഗബാധിതയായ 65 വയസ്സുള്ള അമ്മയെ മകന്‍ ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഞായറാഴ്ച അമ്മ കോവിഡ് പോസിറ്റീവായെന്ന് അറിഞ്ഞതോടെ മകന്‍ ഇവരെ വാഹനത്തില്‍ കയറ്റി നെടുങ്കണ്ടം താലൂക്ക് ആശുപത്രി പരിസരത്തെ മരത്തിന്റെ ചുവട്ടിലിരുത്തിയ ശേഷം കടന്നുകളയുകയായിരുന്നു.
ആരോഗ്യ വകുപ്പും പൊലീസും അമ്മയെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ എത്തിച്ചു. ഉപേക്ഷിച്ചു കടന്ന മകനെ പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമെത്തി താക്കീത് ചെയ്തു.
രണ്ടാഴ്ച മുന്‍പ് അസുഖം ബാധിച്ച് നെടുങ്കണ്ടം കരുണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 78 വയസ്സുകാരനെ മക്കള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ചിരുന്നു. ലോക്‌ഡൗണ്‍ ആരംഭിച്ചതുമുതല്‍ 78 വയസ്സുകാരന്‍ നെടുങ്കണ്ടം പഞ്ചായത്തിന്റെ കീഴിലുള്ള പകല്‍വീട്ടിലായിരുന്നു തങ്ങിയിരുന്നത്. പഞ്ചായത്ത് ഇടപെട്ടാണ്, അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന 78 വയസ്സുകാരനെ പകല്‍വീട്ടിലേക്ക് മാറ്റിയത്.
നെടുങ്കണ്ടം ജനമൈത്രി പൊലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് ഇദ്ദേഹത്തെ പിന്നീട് കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്കു മാറ്റി. രോഗം ഭേദമായതോടെ പൊലീസും ആരോഗ്യവകുപ്പും മക്കളെ വിവരമറിയിച്ചു.
എന്നാല്‍ മക്കള്‍ പിതാവിനെ ഏറ്റെടുക്കാന്‍ തയാറായില്ല. 78 വയസ്സുകാരനെ അഭയകേന്ദ്രത്തിലേക്ക് മാറ്റാന്‍ അധികൃതര്‍ ശ്രമം തുടങ്ങി.