20 April 2024 Saturday

വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത് സ്വര്‍ണം മോഷ്ടിക്കുന്ന യുവതി പിടിയില്‍; പിടിയിലായത് മോഷണ വിദഗ്ദയെന്ന് പൊലീസ്

ckmnews

മംഗളൂരു: (www.kasargodvartha.com 12.12.2020) വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത് കുട്ടികളുടെ കഴുത്തില്‍ നിന്നും സ്ത്രീകളുടെ ഹാന്‍ഡ്ബാഗുകളില്‍ നിന്നും സ്വര്‍ണാഭരണങ്ങളും മറ്റും മോഷ്ടിച്ചുവന്നിരുന്ന യുവതിയെ ബണ്ട് വാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഫാത്വിമ ശാഹിനാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ ഹാളിലുണ്ടായിരുന്ന സി സി ടി വി യിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇക്കാര്യം ശ്രദ്ധയില്‍പെട്ട വിവാഹ മണ്ഡപത്തിന്റെ ഉടമ ബണ്ട് വാള്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലും ഗ്രാമീണ പൊലീസ് സ്റ്റേഷനിലും പരാതി നല്‍ക്കുകയായിരുന്നു.

ഡിസംബര്‍ 10ന് പനമംഗലൂരിലെ എസ് എസ് ഓഡിറ്റോറിയം ഹാളില്‍ നടന്ന വിവാഹത്തിനിടെ ഒരു കുട്ടിയുടെ കഴുത്തില്‍ നിന്ന് മാല തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി പിടിയിലായത്. സ്ത്രീകള്‍ കൂട്ടമായി ഒത്തുചേരുന്ന സ്ഥലങ്ങളില്‍ ഇവര്‍ ആഭരണങ്ങള്‍ മോഷ്ടിക്കുന്നത് പതിവാണെന്നും ആഭരണങ്ങള്‍ തട്ടിയെടുക്കുന്നതില്‍ വിദഗ്ധയാണെന്നും പൊലീസ് പറഞ്ഞു.

ചോദ്യം ചെയ്തപ്പോള്‍ കഴിഞ്ഞ 10 വര്‍ഷമായി ആഭരണങ്ങള്‍ മോഷ്ടിച്ചതായി ഇവര്‍ സമ്മതിച്ചു. ഇതിന് മുമ്ബ് മൂന്ന് തവണ എസ് എസ് മഹല്‍ വിവാഹ ഹാളില്‍ കവര്‍ച്ച നടത്തിയതായും സമ്മതിച്ചിട്ടുണ്ട്. യശസ്വി ഹാള്‍, ഫറംഗിപ്പേട്ട്, തോക്കോട്ടു യൂണിറ്റി ഹാള്‍, തലപടിയിലെ ഖസാന തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ആഭരണങ്ങള്‍ മോഷ്ടിച്ചതായും അവര്‍ മൊഴി നല്‍കി. 234 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ ജ്വല്ലറി കടകളില്‍ വിറ്റതായും ബാക്കിയുള്ളവ ഉരുകിയതായും വ്യക്തമായിട്ടുണ്ട്. കുറച്ച്‌ ആഭരണങ്ങള്‍ ബാങ്കില്‍ സൂക്ഷിച്ചിട്ടുള്ളതായി ഫത്വിമ വെളിപ്പെടുത്തി.

ഫാത്വിമയെ പൊലീസ് കോടതിയില്‍ ഹാജരാക്കി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.