25 April 2024 Thursday

തമിഴ്നാട്ടില്‍ പോകാന്‍ ഇ-രജിസ്റ്റര്‍ ചെയ്യണം; നിയന്ത്രണത്തില്‍ വലഞ്ഞ് യാത്രക്കാര്‍

ckmnews

ഇടുക്കി: തമിഴ്നാട്ടില്‍ കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി. ഈ സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ നിന്ന് അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്നവര്‍ തുടര്‍ന്നും ഇ- രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ എച്ച്‌. ദിനേശന്‍ അറിയിച്ചു.

കുമളി, ബോഡിമെട്ട്, കമ്ബംമെട്ട്, ചിന്നാര്‍ ഉള്‍പ്പെടെ ജില്ലയില്‍ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ചെക്ക്പോസ്റ്റുകളിലൂടെയും അവിടേക്ക് പോകണമെങ്കില്‍ നിലവിലുള്ള ഇ- രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ഇ- രജിസ്റ്റര്‍ ചെയ്യാത്തവരെ അതിര്‍ത്തി കടക്കാന്‍ തമിഴ്നാട് അധികൃതര്‍ അനുവദിക്കില്ല.

https://tnepass.tnega.org/#/user/pass എന്ന വെബ് സൈറ്റില്‍ കയറി മൊബൈല്‍ നമ്ബര്‍ കൊടുത്ത് ലഭിക്കുന്ന ഒടിപിയുടെ അടിസ്ഥാനത്തിലാണ് ഇ- രജിസ്ട്രേഷന്‍ നടത്തേണ്ടത്.

ഇന്നലെ പെട്ടെന്ന് അതിര്‍ത്തിയില്‍ വന്ന നിയന്ത്രണം തമിഴ്‌നാട്ടിലേക്ക് പോകാനെത്തിയ യാത്രക്കാരെ വലച്ചു. കേരള അതിര്‍ത്തി കടക്കാനായെങ്കിലും പാസില്ലാതെ എത്തിയവരെ ആരേയും തമിഴ്‌നാട്ടിലേക്ക് പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായില്ല.

ഇതോടെ പോയവരില്‍ പലര്‍ക്കും തിരിച്ച്‌ മടങ്ങേണ്ടി വന്നു. ഇത്രയും കാലവും ഇല്ലാതിരുന്ന നിയന്ത്രണം പെട്ടെന്ന് വന്നതോടെ നിരവധി പേരാണ് പെരുവഴിയിലായത്. തേനി കളക്ടറാണ് ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ഇടുക്കി കളക്ടര്‍ക്ക് കൈമാറിയത്. അതേ സമയം തിരിച്ച്‌ കേരളത്തിലേക്ക് എത്തുന്നതിന് നിലവില്‍ നിയന്ത്രണങ്ങളില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.