25 April 2024 Thursday

വരയാടും ഞങ്ങളും കൂട്ടാണേ...; രാജമലയിലെ വരയാടുകള്‍ സഞ്ചാരികളുടെ കൂട്ടുകാരായി

ckmnews

മൂന്നാര്‍ > ആളുകളില്‍നിന്ന് ഓടിയകന്നിരുന്ന രാജമലയിലെ വരയാടുകള്‍ സഞ്ചാരികളുടെ കൂട്ടുകാരായി. മൂന്നാറിലെ വിനോദസഞ്ചാര മേഖലകള്‍ തുറന്നതോടെ ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ട കേന്ദ്രം ഇരവികുളം ദേശീയോദ്യാനമാണ്. നീലഗിരി താര്‍ എന്നറിയപ്പെടുന്ന വരയാടുകളെ കാണാനാണ് സഞ്ചാരികള്‍ മലകയറി ഇവിടേക്ക് എത്തുന്നത്. മെരുങ്ങാത്തവരായിരുന്ന വരയാടുകള്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷം എത്തിയ സഞ്ചാരികളുടെ ഒപ്പം സെല്‍ഫിയെടുക്കാനും തയ്യാറായി. മുമ്ബ് പുല്‍മേടുകളില്‍നിന്ന് താഴോട്ടിറങ്ങാത്ത വരയാടുകള്‍ ഇപ്പോള്‍ കൂട്ടമായി റോഡരുകിലും എത്തും.

സഞ്ചാരികളെ കണ്ട് പരിചയമായ ഇവയ്ക്കിപ്പോള്‍ പേടിയില്ല. ആള്‍ സാന്നിധ്യമറിഞ്ഞാല്‍ കുറ്റിക്കാടുകളില്‍ ഒളിച്ചിരുന്ന വരയാടുകള്‍ ഇപ്പോള്‍ സന്ദര്‍ശകര്‍ക്കൊപ്പം നടക്കും. അവര്‍ക്കായി ചിത്രങ്ങള്‍ പകര്‍ത്താന്‍ നിന്നുകൊടുക്കും. എന്നാല്‍, വംശനാശഭീഷണി നേരിടുന്ന വരയാടുകളെ തൊടുന്നതിന് കര്‍ശന വിലക്കുണ്ട്. നിരീക്ഷണത്തിനായി വനപാലകര്‍ വാച്ചര്‍മാരെയും നിയമിച്ചിട്ടുണ്ട്.

മരംകോച്ചുന്ന തണുപ്പുള്ള ഡിസംബറില്‍ തെക്കിന്റെ കാശ്മീരായ മൂന്നാര്‍ കൂടുതല്‍ മനോഹരിയാണ്. സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ടെങ്കിലും കൂടുതല്‍ സഞ്ചാരികളെത്തുന്നത് ഇരവികുളം ദേശീയോദ്യാനത്തിലെ രാജമലയിലാണ്. വശ്യമനോഹരമായ പച്ചപ്പുല്‍മേടുകള്‍ മാടിവിളിക്കുന്ന, സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരം അടി ഉയരത്തിലുള്ള ഈ ദേശീയോദ്യാനം പകരുന്ന അനുഭൂതി ഒന്നുവേറെയാണ്. ഈ വര്‍ഷം 111 വരയാടിന്‍കുട്ടികള്‍ പിറന്നതായാണ് വനംവകുപ്പിന്റെ കണക്ക്. ഉദ്യോനത്തിലാകെ 223 ആടുകളുണ്ട്. കഴിഞ്ഞ സീസണില്‍ 5,13,665 സഞ്ചാരികള്‍ ഇവിടെയെത്തിയിരുന്നു.