30 September 2023 Saturday

അലക്കുന്നതിനിടെ ഭൂമി താഴ്ന്ന് വീട്ടമ്മയെ കാണാതായി; അയല്‍വാസിയുടെ കിണറ്റില്‍ 42കാരി

ckmnews

കണ്ണൂര്‍: വീടിന് പിന്‍ഭാഗത്ത് അലക്കിക്കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ ഭൂമി താഴ്ന്ന് പത്ത്മീറ്റര്‍ അകലെയുള്ള കിണറ്റില്‍ വീണു. നല്ല താഴ്ചയുള്ള കിണറായിരുന്നെങ്കിലും 42കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരിക്കൂറിനടുത്തെ ആയിപ്പുഴ കെഎ അയ്യൂബിന്റെ ഭാര്യ ഉമൈബയാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

വീടീന്റെ പിന്‍ഭാഗത്ത് നിന്ന് വസ്ത്രങ്ങള്‍ അലക്കുന്നതിനിടെ പെട്ടന്ന് ഭൂമി താഴ്ന്ന് പോകുകയും വീടിന് പത്ത്മീറ്റര്‍ ദൂരെയുള്ള അയല്‍വാസിയുടെ കിണറിനടിയിലേക്ക് എത്തുകയുമായിരുന്നു. ഒരു വലിയ തുരങ്കത്തിലൂടെയാണ് കിണറിലേക്ക് പതിച്ചത്. ഇരുമ്ബ് ഗ്രില്‍ കൊണ്ട് മൂടിയതായിരുന്നു കിണര്‍. കിണറ്റില്‍ നിന്ന് കരച്ചില്‍ കേട്ട അയല്‍വാസിയായ സ്ത്രി ഇവരെ കാണുകയും ഒച്ചവച്ച്‌ അയല്‍വാസികളെ കൂട്ടുകയുമായിരുന്നു.എന്നാല്‍ ഇവര്‍ക്ക് കാര്യമായ പരിക്കുകള്‍ ഏറ്റിട്ടില്ല.

നാട്ടുകാര്‍ ചേര്‍ന്ന് അഗ്നിശമന സേനയെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തിയാണ് വീട്ടമ്മയെ പുറത്തെടുത്തത്. ഉടന്‍ തന്നെ കണ്ണൂരിലെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലക്കുന്ന ഭാഗത്ത് വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്.