25 April 2024 Thursday

ഡോക്ടർമാരുടെ ഒപി ബഹിഷ്കരണത്തിൽ വലഞ്ഞ് രോഗികൾ ; കോട്ടയത്ത് രോഗികൾ മണിക്കൂറുകളായി കാത്തുനിൽക്കുന്നു

ckmnews

കോട്ടയം: ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. ഡോക്ടര്‍മാരുടെ ഒപി ബഹിഷ്കരണത്തില്‍ സംസ്ഥാനത്തെ പല ആശുപത്രികളിലും രോഗികളെ ദുരിതത്തിലാക്കി. കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗികള്‍ മണിക്കൂറുകളായി കാത്തുനില്‍ക്കുകയാണ്. സമീപ ജില്ലകളില്‍ നിന്ന് പുലര്‍ച്ചെ എത്തിയ രോഗികളും ക്യൂവിലുണ്ട്. തൃശ്ശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും ഒപി മുടങ്ങി. അത്യാഹിത വിഭാഗങ്ങളേയും കൊവിഡ് ചികിത്സയേയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

കൊച്ചിയിലെ മിക്ക സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും ഒ പി പ്രവർത്തിക്കുന്നില്ല. അത്യാഹിത വിഭാഗത്തെയും കൊവിഡ് ചികിത്സയെയും സമരം ബാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കൊവിഡ് ചികിത്സയെ കേന്ദ്രമായ കളമശ്ശേരി മെഡിക്കല്‍ കോളേജിൽ സമരമില്ല. തൃശൂർ മെഡിക്കൽ കോളേജിൽ ഒപി പ്രവർത്തനം പൂർണമായി നിലച്ചു. അത്യാഹിത വിഭാഗവും കൊവിഡ് യൂണിറ്റും സാധാരണ നിലയിൽ പ്രവർത്തിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജില്‍ ഒരു വിഭാഗം ഡോക്ടർമാർ ഒപിയില്‍ പ്രവര്‍ത്തിക്കുന്നു. അത്യാഹിത വിഭാഗങ്ങളിലും കൊവിഡ് വാർഡുകളിലും ബഹിഷ്കരണം ഇല്ല. കൊവിഡ് ആശുപത്രികളിലും സമരം ഇല്ല. 

Also Read: ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ അനുമതി; ഐഎംഎയുടെ പ്രതിഷേധ സമരം തുടങ്ങി

കൊല്ലത്തും സമരം കാര്യമായി ബാധിച്ചിട്ടില്ല. ആശുപത്രികളിൽ ഡോക്ടർമാരെ കാത്തു നിൽക്കുന്ന വലിയ ആൾക്കൂട്ടങ്ങൾ എവിടെയും ഉള്ളതായി വിവരമില്ല. അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് ചികിത്സാ കേന്ദ്രങ്ങളെയും ബാധിച്ചിട്ടില്ല. പത്തനംതിട്ട ജില്ലയിൽ ഡോക്ടർമാരുടെ സമരം കാര്യമായി രോഗികളെ ബാധിച്ചിട്ടില്ല. അത്യാഹിത വിഭാഗങ്ങൾ അടക്കം പ്രവർത്തിക്കുന്നുണ്ട്. ജനറൽ ഒപികളിൽ ഡോക്ടർമാരുണ്ട്. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും ഡ്യൂട്ടിയിൽ ഉള്ളവർ പണിമുടക്കിയിട്ടില്ല. ആലപ്പുഴയിലും അത്യാഹിതവും കൊവിഡ് ചികിത്സയ്ക്കും മുടക്കമില്ല. ദില്ലിയിൽ കൊവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ കറുത്ത ബാഡ്ജും മാസ്ക്കും ധരിച്ച് പ്രതിഷേധിക്കും. സ്വകാര്യ ആശുപത്രികളിലും ഡ്യൂട്ടി ബഹിഷ്ക്കരിക്കും.