23 April 2024 Tuesday

നാട് കാണാതെ മൂന്നര പതിറ്റാണ്ട് 36 വര്‍ഷത്തെ പ്രവാസത്തിനൊടുവില്‍ ബാലകൃഷ്ണന്‍ വീടണഞ്ഞു

ckmnews

നാട് കാണാതെ മൂന്നര പതിറ്റാണ്ട്


36 വര്‍ഷത്തെ പ്രവാസത്തിനൊടുവില്‍  ബാലകൃഷ്ണന്‍ വീടണഞ്ഞു


ചങ്ങരംകുളം:മൂന്നര പതിറ്റാണ്ട് മുമ്പ് വിദേശത്ത് തൊഴില്‍തേടി പോയ ബാലകൃഷ്ണന്‍ നാടണഞ്ഞു.കപ്പൂര്‍ പഞ്ചായത്ത് കാഞ്ഞിരത്താണിയില്‍ പ്രമുഖ തറവാടായ കൊടക്കല്ലിങ്ങല്‍ കേശവന്‍റെയും കാളികുട്ടിയുടെയും മൂത്തമകന്‍ ബാലകൃഷ്ണന്‍ (65) ആണ് ഒടുവില്‍ രക്തബന്ധങ്ങളുടെ ചാരത്തണഞ്ഞത്.നാട്ടില്‍ കൂലി പണിയെടുത്ത് കഴിയവെ കുടുംബത്തെ പ്രാരാബ്ദങ്ങള്‍ക്ക് വിരാമമിടാന്‍ ബാലകൃഷ്ണന്‍ സുഹൃത്ത് വഴി വിദേശത്ത് പോയത്.ബഹ്റൈനില്‍ എത്തിപ്പെട്ട അദ്ദേഹം വിവിധ ഇടങ്ങളില്‍ ജോലിചെയ്തു. കിട്ടുന്ന വരുമാനത്തില്‍ ഓരോപങ്കും നാട്ടിലേക്ക് അയച്ചുവെങ്കിലും വിദേശ ജീവിതം കറുത്ത അധ്യായത്തിലേക്ക് മാറുകയായിരുന്നു.പാസ്പോര്‍ട്ടും അനുബന്ധ രേഖകള്‍ ഒന്നും കൈവശമില്ലാതായതോടെ പതിയെ നാടും വീടുമായുള്ള ബന്ധം അറ്റു. ഇതിനിടെ മകന്‍റെ വരവും കാത്തിരിക്കുകയായിരുന്ന പിതാവ് കേശവനും അമ്മ കാളികുട്ടിയും പുത്ര വിയോഗത്താല്‍ മണ്ണിനോട് ചേര്‍ന്നു.അതിനിടെ കോവിഡ് മാരിയില്‍ വിദേശത്ത് പ്രയാസങ്ങള്‍ നേരിട്ടതോടെ വിദേശജീവിതം മതിയാക്കാനുറച്ചു.നാടിനെകുറിച്ചും നാട്ടുകാരുടെയും വീട്ടുകാരുടെയും അരികിലെത്തണമെന്ന മോഹം പരിചയകാരുമായി പങ്കുവച്ചു. ഇതോടെ ചാലക്കുടി സ്വദേശികളോടൊപ്പം കഴിയുകയായിരുന്ന ബാലകൃഷ്ണന്‍റെ ബന്ധുക്കളെ കണ്ടെത്താനായി അവിടത്തെ പാലക്കാട്‌ ജില്ലാ ബഹ്‌റൈൻ കെ.എം.സി.സി പ്രവര്‍ത്തകര്‍ കഠിനപ്രയത്നം നടത്തിയപ്പോള്‍ ബഹ്റന്‍ മനാമയിലെ സഹോദരി പുത്രന്‍റെ വിലാസം കിട്ടി പിന്നീട്  അവിടെ താമസിച്ചു.മടക്കയാത്രയുടെ ഭാഗമായി  നാട്ടില്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി. എന്നാല്‍ രേഖകള്‍ ലഭിക്കാനുള്ള കാല താമസം യാത്ര വൈകിപ്പിച്ചു. തുടര്‍ന്നാണ് വിദേശത്ത് സംസ്കൃതി കൂട്ടായ്മയുടെയും കെ.എം.സി.സിയുടെയും സഹകരണത്തോടെ കേന്ദ്ര വിദേശ സഹമന്ത്രി വി മുരളീധരനുമായി ബന്ധപ്പെട്ട് പ്രാരംഭ നടപടികളെടുത്തു. അവിടെ മലയാളികളുടെ വക യാത്രയയപ്പ് നല്‍കി. ചൊവ്വാഴ്ച വൈകീട്ട് നെടുംബാശ്ശേരിയിലെത്തിയ ബാലകൃഷ്ണനെ ബന്ധുക്കള്‍ എത്തി നാട്ടിലേക്ക് കൊണ്ടുവന്നു. അവിവാഹിതനാണ് ബാലകൃഷ്ണന്‍.