25 April 2024 Thursday

സി.ബി.എസ്.ഇ. സ്‌കൂളുകളിലെ ഫീസ് നിര്‍ണയം പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനം വേണം- ഹൈക്കോടതി

ckmnews

സി.ബി.എസ്.ഇ. സ്‌കൂളുകളിലെ ഫീസ് നിര്‍ണയം പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനം വേണം- ഹൈക്കോടതി



കൊച്ചി: സി.ബി.എസ്.ഇ. സ്‌കൂളുകളിലെ ഫീസ് നിര്‍ണയം പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനം വേണമെന്ന് ഹൈക്കോടതി. വിഷയത്തില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


ഫീസ് നിര്‍ണയത്തില്‍ ഇടപെടാന്‍ ആകില്ലെന്ന സി.ബി.എസ്.ഇ. നിലപാടിനോട് കോടതി അതൃപ്തി രേഖപ്പെടുത്തി.


സി.ബി.എസ്.ഇ. സ്‌കൂളുകളിലെ ഫീസ് നിര്‍ണയവും കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസില്‍നിന്ന് പുറത്താക്കിയതും ഉള്‍പ്പെടെ ചോദ്യം ചെയ്ത് രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് ഹൈക്കോടതി സി.ബി.എസ്.ഇ. മാനേജ്‌മെന്റിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചത്.


സ്‌കൂളുകളുടെ വരവു ചെലവു കണക്കുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നേരത്തെ സി.ബി.എസ്.ഇയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്‌കൂളുകളില്‍ ഫീസ് നിര്‍ണയിക്കുന്നത് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരമാണെന്നാണ് സി.ബി.എസ്.ഇ. കോടതിയില്‍ വിശദീകരിച്ചത്.


ഫീസ് നിര്‍ണയത്തില്‍ ഇടപെടാനാവില്ലെന്ന സി.ബി.എസ്.ഇ. നിലപാടില്‍ ശക്തമായ അതൃപ്തി രേഖപ്പെടുത്തിയ കോടതി വിഷയത്തില്‍ എന്തു ചെയ്യാനാകുമെന്ന് സര്‍ക്കാരിനോട് ചോദിച്ചു.


കോവിഡ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള തുക മാത്രമേ ഫീസ് ആയി വാങ്ങാവൂ എന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി കഴിഞ്ഞദിവസം സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരിച്ചത്.


തുടര്‍ന്ന് ഇത് എങ്ങനെ നടപ്പാക്കും എന്നതടക്കം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ബുധനാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.