29 March 2024 Friday

സീരിയല്‍ നടി ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍; നടി ഹോട്ടലിലെത്തിയത് പ്രതിശ്രുത വരനൊപ്പം

ckmnews

ചെന്നൈ: പ്രമുഖ തമിഴ് സീരിയല്‍ താരം വിജെ ചിത്ര (28) ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. താമസിച്ചിരുന്ന ഹോട്ടല്‍മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വിജയ് ടിവിയില്‍ സംപ്രേഷണം ചെയ്തു വരുന്ന 'പാണ്ഡ്യന്‍ സ്റ്റോര്‍സ്' എന്ന സീരിയലിലെ'മുല്ലൈ' എന്ന കഥാപാത്രത്തിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച താരമാണ് ചിത്ര. താരത്തിന്‍റെ വിയോഗത്തിന്‍റെ ഞെട്ടലിലാണ് ആരാധകരും സഹപ്രവര്‍ത്തകരും.

നസറത്ത്പേട്ടൈയിലുള്ള ഒരു ഹോട്ടലില്‍ വച്ചാണ് ചിത്ര ജീവനൊടുക്കിയത്. സീരിയല്‍ ഷൂട്ടിംഗിനോടനുബന്ധിച്ചാണ് ഇവര്‍ ഇവിടെ ഹോട്ടലില്‍ താമസിച്ചിരുന്നത്. പ്രതിശ്രുത വരനായ ഹേമന്തും ഒപ്പമുണ്ടായിരുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുമ്ബായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ഇവിപി ഫിലിം സിറ്റിയിലെ ഷൂട്ടിംഗ് കഴിഞ്ഞ് പുലര്‍ച്ചെ രണ്ടരയോടെയാണ് ചിത്ര ഹോട്ടല്‍ മുറിയില്‍ തിരികെയെത്തിയത്.

ഹേമന്തിന്‍റെ വാക്കുകള്‍ അനുസരിച്ച്‌ ഷൂട്ടിംഗ് കഴിഞ്ഞെത്തിയ താരം കുളിച്ച്‌ വരാമെന്ന് പറഞ്ഞാണ് പോയത്. എന്നാല്‍ സമയം ഒരുപാട് കഴിഞ്ഞിട്ടും പുറത്തേക്ക് കാണാത്തതിനെ വാതിലില്‍ തട്ടിനോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ഇയാള്‍ ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെ ഡൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച്‌ വാതില്‍ തുറന്നപ്പോള്‍ ചിത്രയെ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.