18 April 2024 Thursday

വൈദ്യുതി ബില്ലിലും ഇനി ഷോക്കടിക്കും; ഒരു വർഷം, വരാനിരിക്കുന്നത് 3 നിരക്ക് വർധന

ckmnews


തിരുവനന്തപുരം ∙ സംസ്ഥാനത്തെ വൈദ്യുതി ഉപയോക്താക്കളെ കാത്തിരിക്കുന്നത് ഇനി നിരക്കു വർധനയുടെ നാളുകൾ. മൂന്നു വിധത്തിലുള്ള നിരക്കു വർധനയാണ് അടുത്ത ഒരു വർഷത്തിനുള്ളിൽ ഉപയോക്താക്കൾക്കു നേരിടേണ്ടി വരിക. ഇന്ധന സർചാർജ് ഇനത്തിലുള്ളതാണ് ആദ്യത്തേത്. സംസ്ഥാനത്തിനു പുറത്തുനിന്നു വൈദ്യുതി എത്തിക്കുന്ന ലൈനുകളുടെ പ്രസരണ നിരക്കു കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷൻ വർധിപ്പിച്ചതു മൂലമുള്ളതാണു രണ്ടാമത്തെ വർധന. വൈദ്യുതി ബോർഡിന്റെ വരവുചെലവു കണക്കാക്കി നഷ്ടം നികത്തുന്നതിനുള്ള പതിവു നിരക്ക് വർധനയാണു മൂന്നാമത്തേത്.

1. ഇന്ധന സർചാർജ്

സംസ്ഥാനത്തു വൈദ്യുതി ഉൽപാദിപ്പിച്ചു വിതരണം ചെയ്തതിനും പുറത്തുനിന്നു വൈദ്യുതി വാങ്ങി വിതരണം ചെയ്തതിനും വൈദ്യുതി ബോർഡിന് ഉണ്ടായ അധിക ബാധ്യത ഇന്ധന സർചാർജ് ആയി പിരിച്ചു നൽകണമെന്നു ബോർഡ് റഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെടാറുണ്ട്. മൂന്നു മാസം കൂടുമ്പോഴാണ് ഇതു സംബന്ധിച്ച കണക്കുകൾ സമർപ്പിക്കുക.

2019 ഒക്ടോബർ മുതലുള്ള ഇന്ധന സർചാർജ് പിരിച്ചെടുക്കാനുണ്ട്. വൈദ്യുതി ബോർഡിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ 2019 ഒക്ടോബർ മുതൽ കഴിഞ്ഞ ജൂൺ വരെയുള്ള കണക്കുകൾ സംബന്ധിച്ചു റഗുലേറ്ററി കമ്മിഷൻ ഹിയറിങ് പൂർത്തിയാക്കി. കഴി‍ഞ്ഞ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സർചാർജ് നിശ്ചയിക്കുന്ന നടപടി പുരോഗമിക്കുകയാണ്.

2019 ഒക്ടോബർ മുതൽ ഡിസംബർ വരെ യൂണിറ്റിനു 10 പൈസയും കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെ 11 പൈസയും ഏപ്രിൽ മുതൽ ജൂൺ വരെ ആറു പൈസയും സർചാർജ് ഈടാക്കണമെന്നാണു ബോർഡ് ആവശ്യപ്പെട്ടത്. ഹിയറിങ് പൂർത്തിയാക്കിയ സാഹചര്യത്തിൽ എപ്പോൾ വേണമെങ്കിലും ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങാം.

കഴിഞ്ഞ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള നഷ്ടം നികത്താൻ യൂണിറ്റിന് ആറു പൈസ വീതം സർചാർജ് പിരിച്ചു നൽകണമെന്നായിരുന്നു ബോർഡിന്റെ ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പും മറ്റും മൂലമാണ് സർചാർജ് സംബന്ധിച്ച ഉത്തരവ് നീണ്ടത്.അനിശ്ചിതമായി ഇതു നീട്ടാനാവില്ല.

2. വൈദ്യുതി കൊണ്ടു വരുന്നതിന്റെ നിരക്കു വർധന

സംസ്ഥാനത്തിനു പുറത്തുനിന്നു വൈദ്യുതി എത്തിക്കുന്ന ലൈനുകളുടെ പ്രസരണനിരക്കു കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷൻ വർധിപ്പിച്ചതു മൂലം കറന്റ് ചാർജിൽ യൂണിറ്റിന് 25 മുതൽ 50 പൈസയുടെ വരെ വർധന ഉണ്ടാകുമെന്നു കണക്കാക്കുന്നു. വർഷം 500 കോടിയിലേറെ രൂപയുടെ അധിക ബാധ്യതയാണ് ഇതുമൂലം കേരളത്തിന് ഉണ്ടാകുക. ഇതിനെതിരെ വൈദ്യുതി ബോർഡ് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കേസ് തള്ളി. ഈ സാഹചര്യത്തിൽ അപ്പീൽ പോകുന്നതിനെക്കുറിച്ചു ബോർഡ് ആലോചിക്കുകയാണ്.

കേന്ദ്ര റഗുലേറ്ററി കമ്മിഷന്റെ തീരുമാനമായതിനാൽ സംസ്ഥാന കമ്മിഷന് ഇതു നടപ്പാക്കാതെ നിവൃത്തിയില്ല. എത്ര പൈസ വീതം ഏതൊക്കെ ഉപയോക്താക്കളിൽനിന്ന് ഈടാക്കണമെന്നു തീരുമാനിക്കേണ്ടതു സംസ്ഥാന കമ്മിഷനാണ്. കഴിഞ്ഞ നവംബർ ഒന്നു മുതൽ പുറത്തുനിന്നു വൈദ്യുതി കൊണ്ടു വരുന്നതിനു പ്രസരണ നിരക്കു വർധന ബാധകമായി കഴിഞ്ഞു.

വർധിപ്പിച്ച നിരക്ക് ആവശ്യപ്പെട്ടുള്ള ബിൽ ലഭിച്ചാൽ പണം അടയ്ക്കുന്നതിന് 60 ദിവസം വരെ ബോർഡിനു സാവകാശം ലഭിക്കും. അപ്പീൽ പോയിട്ടും പ്രയോജനം ഉണ്ടാകുന്നില്ലെങ്കിൽ ഈ തുക ഉപയോക്താക്കളിൽനിന്ന് ഈടാക്കി നൽകണമെന്ന് സംസ്ഥാന കമ്മിഷനോടു വൈദ്യുതി ബോർഡ് ആവശ്യപ്പെടും.

കോടിക്കണക്കിനു രൂപ ചെലവഴിച്ചു പവർ ഗ്രിഡ് കോർപറേഷൻ നിർമിച്ച വൻകിട ലൈനുകളുടെ സാമ്പത്തിക ബാധ്യത എല്ലാ സംസ്ഥാനങ്ങൾക്കുമായി വീതിച്ചതാണു കേരളത്തിനു വിനയായത്. ഇതനുസരിച്ചു മറ്റിടങ്ങളിലെ ലൈനുകളുടെ ബാധ്യത കൂടി കേരളം വഹിക്കണം. തമിഴ്നാട്, ഒഡിഷ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളുടെ പ്രസരണ നിരക്കും വർധിപ്പിച്ചിട്ടുണ്ട്. അതേസമയം, കർണാടക, മധ്യപ്രദേശ്, യുപി തുടങ്ങിയവയുടെ നിരക്കു കാര്യമായി കുറയും.

3. വാർഷിക നിരക്കു വർധന

വൈദ്യുതി ബോർഡ് ഓരോ വർഷവും പ്രതീക്ഷിക്കുന്ന വരവുചെലവു കണക്കുകൾ വിലയിരുത്തിയ ശേഷം കമ്മി നികത്തുന്ന വിധത്തിലാണു സംസ്ഥാനത്തു വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്. പതിവിനു വിരുദ്ധമായി മൂന്നു വർഷത്തെ വരവുചെലവു കണക്ക് റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചു നൽകിയിട്ടുണ്ട്. ഇതനുസരിച്ച് 2019–20, 2020–21, 2021–22 വർഷത്തെ വരവു ചെലവു കണക്കുകൾ അംഗീകരിച്ചു.

2019–20 വർഷത്തെ വരവു ചെലവു കണക്കിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം വൈദ്യുതി നിരക്കു പുതുക്കി നിശ്ചയിച്ചിരുന്നു. വർധിപ്പിച്ച നിരക്കിനു കഴിഞ്ഞ മാർച്ച് 31 വരെയായിരുന്നു പ്രാബല്യം. എന്നാൽ കോവിഡ് സാഹചര്യത്തിൽ ഈ നിരക്കുകൾക്ക് അടുത്ത വർഷം മാർച്ച് 31 വരെ പ്രാബല്യം നൽകി റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. സ്വാഭാവികമായും അടുത്ത മാർച്ചിനു ശേഷം നിരക്കു പുതുക്കി നിശ്ചയിക്കേണ്ടി വരും.

നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം നിരക്കു വർധന പ്രതീക്ഷിക്കാം. മൂന്നു വർഷത്തെ വരവു ചെലവു കണക്കുകൾ അംഗീകരിച്ചപ്പോൾ തന്നെ, നിരക്ക് പുതുക്കി നിശ്ചയിക്കേണ്ടി വന്നാൽ ചെയ്യുമെന്നു റഗുലേറ്ററി കമ്മിഷൻ വ്യക്തമാക്കിയിരുന്നു. ബോർഡിന്റെ വർധിച്ചു വരുന്ന സാമ്പത്തിക ബാധ്യത സ്വാഭാവികമായും ഉപയോക്താക്കളുടെ മേൽ വരും.