29 March 2024 Friday

കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനൊരുങ്ങി യു.കെ; സസൂക്ഷ്മം നിരീക്ഷിച്ച് ലോകം

ckmnews


ലണ്ടന്‍: ഫൈസറും ബയേൺടെക്കും സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്‌സിന് യു.കെ അനുമതി നല്‍കിയതിന് പിന്നാലെ വാക്‌സിന്‍ വിതരണത്തിന് തുടക്കം കുറിക്കാനൊരുങ്ങി ബ്രിട്ടനിലെ ആരോഗ്യ പ്രവര്‍ത്തകര്‍. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലന്‍ഡ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വാക്‌സിന്‍ വിതരണം തുടങ്ങുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു. വടക്കൻ അയര്‍ലന്‍ഡില്‍ ഈയാഴ്ച ആദ്യംതന്നെ വാക്‌സിന്‍ നല്‍കിത്തുടങ്ങുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ കൃത്യമായ തീയതി അവര്‍ പുറത്തുവിട്ടിട്ടില്ല. 

കോവിഡ് 19 വാക്‌സിന് അനുമതി നല്‍കിയ ആദ്യ പാശ്ചാത്യ രാജ്യമാണ് യു.കെ. ഫൈസര്‍/ബയേൺടെക് വാക്‌സിന്‍ വളരെ താഴ്ന്ന താപനിലയില്‍ സൂക്ഷിക്കണമെന്നതും മൂന്നാഴ്ചത്തെ ഇടവേളയില്‍ കുത്തിവെക്കണമെന്നതും അടക്കമുള്ള നിബന്ധനകള്‍ വാക്‌സിന്‍ വിതരണം സങ്കീര്‍ണമാക്കുന്നുണ്ട്. എന്നാല്‍ ഒരു രാജ്യത്ത് വാക്‌സിന്‍ വിതരണം ആദ്യമായി തുടക്കം കുറിക്കുന്ന സാഹചര്യം ലോകം മുഴുവന്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഇംഗ്ലണ്ടിലെ 50 ഹോസ്പിറ്റല്‍ ഹബ്ബുകളില്‍ വാക്‌സിന്‍ എത്തിച്ചു കഴിഞ്ഞുവെന്ന് അധികൃതര്‍ സ്‌കൈ ന്യൂസിനോട് പറഞ്ഞു. 

വിവിധ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ടു പോകുന്നുവെന്നും അധികൃതര്‍ അവകാശപ്പെട്ടു. ഫൈസര്‍/ബയേൺടെക് വാക്‌സിന്റെ 40 ലക്ഷം ഡോസുകള്‍ ഡിസംബര്‍ അവസാനത്തോടെ ലഭ്യമാകുമെന്നാണ് യു.കെയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്. ഫൈസറിന്റെ വാക്‌സിന്‍ കോവിഡ് ബാധയെ 95 ശതമാനവും പ്രതിരോധിക്കുമെന്നാണ് പരീക്ഷണങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുള്ളത്. വാക്‌സിന്റെ നാല് കോടി ഡോസുകള്‍ക്കാണ് യു.കെ ഇതുവരെ ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നിന് വാക്‌സിന്‍ നല്‍കാനെ ഇത് മതിയാകൂ. മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് വാക്‌സിന്‍ സൂക്ഷിക്കേണ്ടത്.


യൂറോപ്പില്‍ മറ്റ് എവിടത്തെക്കാളും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത് യു.കെയില്‍ ആയിരുന്നു. കോവിഡ് വാക്‌സിന് അമേരിക്കയെക്കാളും യൂറോപ്പിലെ മറ്റുരാജ്യങ്ങളെക്കാളും വേഗത്തില്‍ അനുമതി നല്‍കിയ യു.കെയുടെ നടപടിയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നടപടിക്രമങ്ങള്‍ കൃത്യമായിരുന്നുവെന്നാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് സഫ്രോണ്‍ കോര്‍ഡറി പറയുന്നത്. ഫൈസര്‍/ബയേൺടെക് വാക്‌സിന്‍ മറ്റേത് വാക്‌സിനെയുംപോലെ സുരക്ഷിതമാണെന്നും അത് സ്വീകരിക്കുന്നവരുടെ ആരോഗ്യസ്ഥിതി ബന്ധപ്പെട്ടവര്‍ നിരീക്ഷിക്കുമെന്നും യു.കെ അധികൃതര്‍ ഞായറാഴ്ച ഉറപ്പ് നല്‍കിയിരുന്നു.


കോവിഡ് വാക്‌സിന്റെ ആദ്യ ഡോസുകള്‍ വ്യാഴാഴ്ച രാത്രിയോടെ യു.കെയില്‍ എത്തിയെന്നാണ് വിവരം. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലന്‍ഡ്, നോര്‍തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ സൂക്ഷിച്ചിട്ടുള്ളതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടുചെയ്തു. പ്രത്യേകം തയ്യാറാക്കിയ ഫ്രീസറുകളില്‍ മാത്രമെ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ വാക്‌സിന്‍ സൂക്ഷിക്കാനാവൂ. കെയര്‍ ഹോമുകളില്‍ താമസിക്കുന്ന പ്രായംചെന്നവര്‍ക്കും അവിടുത്തെ ജീവനക്കാര്‍ക്കുമാവും വാക്‌സിന്‍ ആദ്യം നല്‍കുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗം ഭേദമായി ആശുപത്രി വിടാനൊരുങ്ങുന്ന 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാവും അടുത്ത ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.