18 April 2024 Thursday

പുഞ്ചകൃഷിക്കെരുങ്ങി കടവല്ലൂരിലെ പാടശേഖരങ്ങൾ

ckmnews


ചങ്ങരംകുളം:കടവല്ലൂരിലെ പാടശേഖരങ്ങളിൽ  പുഞ്ചക്കൃഷിക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. 

വേമ്പൻപടവ്. പുല്ലാനിച്ചാൽ, കൊള്ളഞ്ചേരി പാടം തുടങ്ങിയ മേഖലകളിലെ ഇരുന്നൂറോളം ഏക്കർ പാടശേഖരങ്ങളിലാണ് ഇത്തവണ പുഞ്ച കൃഷിയിറക്കുക. 

മുണ്ടകൻ കൃഷിക്ക് അനുയോജ്യമല്ലാത്ത,  വെള്ളം മൂടിക്കിടക്കുന്ന പാടങ്ങളിലെ വെള്ളം വറ്റിച്ചാണ് പുഞ്ചക്കൃഷിക്ക് അനുയോഗ്യമാക്കുന്നത്

വെള്ളം വറ്റിക്കൽ പൂർത്തിയായ പാടങ്ങളിൽ ഉഴൽ ആരംഭിച്ചിട്ടുണ്ട്.

 ഞറ്റടികൾ ഒരുക്കുന്ന ജോലികളും ആരംഭിച്ചു കഴിഞ്ഞു.

മൂപ്പു കുറഞ്ഞ മനുരത്ന വിത്താണ് മിക്കവരും കൃഷി ചെയ്യുന്നത്. കുറച്ചുപേർ ഉമയും പരീക്ഷിക്കുന്നുണ്ട്. 

കൃഷി വകുപ്പിൽ നിന്നും കർഷകർക്കു ലഭിച്ച വിത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച ആശങ്കയാണു കർഷകരെ അലട്ടുന്ന പ്രധാന പ്രശ്നം. 

വിതച്ച വിത്തിൽ 60 ശതമാനം വിത്തിനു മാത്രമേ മുള വന്നിട്ടുള്ളൂ ,  വിത്തിനെ കുറിച്ച് ആശങ്ക ഉണർന്ന സാഹചര്യത്തിൽ കുറച്ചു പേർ പാലക്കാട്ടെ സ്വകാര്യ വ്യക്തികളിൽ നിന്നും വിലയ്ക്കു വാങ്ങിയ വിത്താണ് കൃഷിക്ക് ഉപയോഗിക്കുന്നത്.  ഇതു കർഷകർക്ക് അധിക ബാധ്യതയാകും. 

നൂറടി തോട്ടിൽ നിന്നുള്ള വെള്ളമാണു കടവല്ലൂരിലെ നെൽക്കൃഷിയുടെ പ്രധാന ആശ്രയം. 

വലിയ തോട്ടിൽ നിന്നും പമ്പു ചെയ്യുന്ന വെള്ളം ചെറു തോടുകളിൽ കൂടി ഒഴുക്കിയാണു കണ്ടങ്ങളിൽ എത്തിക്കുന്നത്. 

ചെറുതോടുകളിൽ ചണ്ടി നിറഞ്ഞ് ഒഴുക്കു നിലച്ചതിനാൽ കണ്ടങ്ങളിൽ വെള്ളമെത്തിക്കൽ ഇത്തവണ പ്രയാസം നേരിടുകയാണ്

തോടുകൾ വൃത്തിയാക്കണമെന്നു പലകുറി ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയ്യാറായില്ലെന്നും കർഷകർക്ക് പരാതിയുണ്ട്. 

പലരും സ്വയം പണം മുടക്കിയാണു തങ്ങളുടെ പാടത്തേക്കുള്ള തോടുകൾ വൃത്തിയാക്കിയതെന്നു  കർഷകർ പറയുന്നു.