29 March 2024 Friday

വർക്‌ഷോപ്പ് തുറക്കും, മൊബൈൽ റീചാർജ് കട ആഴ്ചയിൽ ഒരിക്കൽ:സമയം പിന്നീട്

ckmnews


തിരുവനന്തപുരം:കേരളത്തിൽ ലോക്ഡൗണിൽ നേരിയ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാഹന വർക്‌ഷോപ്പുകൾ തുറക്കാൻ അനുമതി നല്‍കി. മൊബൈൽ ഫോൺ വിൽപനയും റീചാർ‌ജിങ്ങിനുമുള്ള കടകൾ ആഴ്ചയിൽ ഒരു ദിവസം തുറക്കാം. കംപ്യൂട്ടർ, സ്പെയർ പാർട്സ് കടകളും ആഴ്ചയിൽ ഒരു ദിവസം തുറക്കാമെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വർക് ഷോപ്പുകള്‍ ആഴ്ചയിൽ എല്ലാ ദിവസവും തുറക്കാൻ അനുമതിയുണ്ടായിരിക്കില്ല. എങ്കിലും ഒന്നിൽ കൂടുതൽ ദിവസം തുറക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‌നിലവിലെ നിയന്ത്രണങ്ങളിൽ എന്നു മുതൽ ഇളവ് നൽകുമെന്ന് പിന്നീടാകും പ്രഖ്യാപിക്കുക.ക്ഷീരകർഷകർക്ക് മാർച്ച് ഒന്നു മുതൽ 20 വരെ അളന്ന ഓരോ ലീറ്റർ പാലിനും ഒരു രൂപ വീതം ആശ്വാസധനം നൽകും. ലോക്ഡൗണ്‍ അവസാനിക്കുന്ന തീയതിക്കു മുൻപ് പണം കൈമാറും. കോവിഡ് ബാധിതരായ ക്ഷീര കർഷകർക്കു 10,000 രൂപ ധനസഹായം നൽകും. ഗൾഫ് രാജ്യങ്ങളിൽ സ്കൂൾ ഫീസുകളിൽ ഇളവ് അനുവദിക്കണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു. ഗൾഫ് രാജ്യങ്ങളിലെ മലയാളി സ്കൂൾ മാനേജ്മെന്റുകളോടാണു മുഖ്യമന്ത്രി അഭ്യർഥന നടത്തിയത്.വിദേശത്തെ ഇന്ത്യക്കാർക്ക് ക്വാറന്റീൻ സൗകര്യമൊരുക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിക്കു കത്തയച്ചു. മുംബൈയിലും ഡൽഹിയിലും കോവിഡ് ബാധിച്ച നഴ്സുമാർക്കു സഹായം വേണമെന്ന് പ്രധാനമന്ത്രിയോടും മുഖ്യമന്ത്രി അഭ്യർഥിച്ചു. സുരക്ഷാ ഉപകരണങ്ങളില്ലെന്ന പരാതിക്കു പരിഹാരമുണ്ടാക്കണം. മഹാരാഷ്ട്ര, ഡൽഹി മുഖ്യമന്ത്രിമാരുമായി സംസാരിക്കുമെന്നും പിണറായി വിജയൻ അറിയിച്ചു.