24 April 2024 Wednesday

കുത്തിവയ്‌പ്പ് നടത്തിയതോടെ ശരീര വേദനയും ക്ഷീണവും കൂടി, മൂത്രത്തില്‍ നനഞ്ഞ് കിടന്നിട്ടും തിരിഞ്ഞ് നോക്കിയില്ല; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ കൊവിഡ് രോഗി

ckmnews

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കൊവിഡ് ചികിത്സയ്‌ക്കെതിരെ വീണ്ടും പരാതി. പനി കൂടി എഴുന്നേല്‍ക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍ മൂത്രത്തില്‍ നനഞ്ഞ് മൂന്ന് ദിവസം കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ ലക്ഷ്‌മിയുടെ പരാതി. എന്നാല്‍ യുവതിയുടെ ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

കൊവിഡ് രോഗിയായ തനിക്ക് പനിയും ശ്വാസംമുട്ടും ഉണ്ടായിരുന്നു. മോശം ആരോഗ്യാവസ്ഥയായിരുന്നു. ആറാം വാര്‍ഡില്‍ പ്രവേശിപ്പിച്ച ലക്ഷ്‌മിക്ക് കുത്തിവയ്‌പ്പ് നടത്തിയതോടെ ശരീര വേദനയും ക്ഷീണവും കൂടിയെന്നാണ് ആരോപണം. തനിക്ക് ചില മരുന്നുകളോട് അലര്‍ജി ഉണ്ടെന്ന് അറിയിച്ചിരുന്നു. പക്ഷെ അലര്‍ജി പരിശോധന പോലും നടത്താതെ കുത്തിവയ്‌പ്പ് തുടര്‍ന്നു എന്നും ഇത് ആരോഗ്യം കൂടുതല്‍ വഷളാക്കിയെന്നും യുവതി പറയുന്നു. കഴിഞ്ഞ മാസം 26നാണ് കൊവിഡ് പോസിറ്റീവായ ലക്ഷ്‌മിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

ന്യുമോണിയ ഭേദമാകുന്നതിനുളള ആന്റിബയോട്ടിക്കാണ് നല്‍കിയതെന്നും രോഗി ഗുരുതരവാസ്ഥയിലായിട്ടില്ലെന്നും കൃത്യമായ ചികിത്സയും പരിചരണവും നല്‍കിയെന്നും ആശുപത്രിയിലെ കൊവിഡ് നോഡല്‍ ഓഫിസര്‍ പ്രതികരിച്ചു.

കൊവിഡ് നെഗറ്റീവായെങ്കിലും തനിക്ക് ആരോഗ്യം തീരെയില്ലെന്നാണ് ലക്ഷ്‌മി പറയുന്നത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരോഗ്യം ക്ഷയിച്ചതോടെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനാകാത്ത അവസ്ഥയായി. കിടക്കയില്‍ തന്നെ മൂത്രമൊഴിച്ചു. തലമുടിവരെ മൂത്രത്തില്‍ നനഞ്ഞിട്ടും നഴ്സുമാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ലക്ഷ്‌മി ആരോപിക്കുന്നു. വിഷയത്തില്‍ ആരോഗ്യമന്ത്രിയ്‌ക്ക് പരാതി നല്‍കാനായി തയ്യാറെടുക്കുകയാണ് ലക്ഷ്‌മി.