28 March 2024 Thursday

ദേശീയ അന്തര്‍വാഹിനി ദിനം നാളെ : ഒരുക്കങ്ങളോടെ ഇന്ത്യന്‍ നാവികസേന

ckmnews

ദേശീയ അന്തര്‍വാഹിനി ദിനമാഘോഷിക്കാനൊരുങ്ങി ഇന്ത്യന്‍ നാവികസേന. 53-ാ൦ അന്തര്‍വാഹിനി ദിനമാണ് നാളെ നാവികസേന ആഘോഷിക്കുക. 1967-ല്‍ ഇന്ത്യയുടെ നാവിക വ്യൂഹത്തിലേക്ക് ആദ്യത്തെ അന്തര്‍വാഹിനി ഐ.എന്‍.എസ് കല്‍വരി ചേര്‍ക്കപ്പെട്ടതിന്റെ സ്മരണയായാണ് ഈ ദിനം ദേശീയ അന്തര്‍വാഹിനി ദിനമായി ആഘോഷിക്കുന്നത്.

29 വര്‍ഷത്തെ സേവനത്തിനുശേഷം ഫോക്സ്ട്രോട്ട് വിഭാഗത്തില്‍പ്പെട്ട കല്‍വരി അന്തര്‍വാഹിനി 1996 മെയ് 31ന് സേവനത്തില്‍ നിന്നും പിന്‍വലിക്കപ്പെട്ടു. നിലവില്‍ നാവികസേനയുടെ സേവനത്തിനുള്ളത് ആണവോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന, 2012-ല്‍ റഷ്യയില്‍ നിന്നും ലീസിനെടുത്ത അന്തര്‍വാഹിനി ചക്രയാണ്. മറ്റൊരു ആണവോര്‍ജ അന്തര്‍വാഹിനിയായ ഐ.എന്‍.എസ് അരിഹന്ത് 2018 ഡിസംബര്‍ മൂന്നിനാണ് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാവുന്നത്. ബാലിസ്റ്റിക് മിസൈലുകള്‍ തൊടുക്കാന്‍ ക്ഷമതയുള്ള അന്തര്‍വാഹിനിയാണ് അരിഹന്ത്.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ചതാണെന്നുള്ള പ്രത്യേകതയും ഐ.എന്‍.എസ് അരിഹന്തിനുണ്ട്. ഇവയ്ക്കുപുറമേ ഡീസലിലും വൈദ്യുതിയിലും പ്രവര്‍ത്തിക്കുന്ന 14 അന്തര്‍വാഹിനികളാണ് നാവികസേനയ്ക്ക് സ്വന്തമായുള്ളത്.