24 April 2024 Wednesday

ആഭരണങ്ങളില്‍ 2021ല്‍ 100 ശതമാനം ഹാള്‍മാര്‍ക്കിങ്; പറ്റില്ലെന്ന് സ്വര്‍ണവ്യാപാരികള്‍

ckmnews

ന്യൂഡല്‍ഹി> 2021 ജൂണ്‍മുതല്‍ രാജ്യത്ത് ഹാള്‍മാര്‍ക്ക് സ്വര്‍ണം മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്ന സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാന്‍ പ്രായോഗികബുദ്ധിമുട്ടുണ്ടെന്ന് സ്വര്‍ണവ്യാപാരികള്‍.

ജൂണിലെ കണക്കുപ്രകാരം മൂന്ന് ലക്ഷത്തിലേറെ ജ്വല്ലറികള്‍ ഉള്ളതില്‍ 30,000ത്തോളം മാത്രമാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ്(ബിഐഎസ്) സര്‍ട്ടിഫിക്കറ്റ് നേടി ഹാള്‍മാര്‍ക്ക് സ്വര്‍ണം വില്‍ക്കുന്നത്. ചുരുങ്ങിയ സമയത്തില്‍ 100 ശതമാനം ഹാള്‍മാര്‍ക്കിങ് എന്ന ലക്ഷ്യം അപ്രാപ്യമാണെന്ന് ഇന്ത്യന്‍ ബുല്‍യന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്‍ (ഐബിജെഎ) ചൂണ്ടിക്കാണിച്ചു.

2021 ജനുവരി 15 മുതല്‍ ഹാള്‍മാര്‍ക്ക് മുദ്രയുള്ള സ്വര്‍ണം മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്നാണ് സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, കോവിഡ് പശ്ചാത്തലത്തില്‍ സമയപരിധി 2021 ജൂണ്‍ ഒന്നുവരെയാക്കി. 2022 ജനുവരിവരെയാക്കി നീട്ടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി ഐബിജെഎ ദേശീയ സെക്രട്ടറി സുരേന്ദ്രമെഹ്ത പറഞ്ഞു.