23 April 2024 Tuesday

പെരുമ്പിലാവിൽ വാഹന കവർച്ച മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

ckmnews

പെരുമ്പിലാവ്:പെരുമ്പിലാവ് പട്ടാമ്പി റോഡിൽ  സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം യാത്ര ചെയ്തിരുന്ന കാർ  തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയും  ആക്രമിച്ചും  കാർ  തട്ടിയെടുത്ത കേസിൽ 4  പേരെ  കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി എസ് സിനോജിന്റെ നിർദേശപ്രകാരം കുന്നംകുളം എസ് എച്ച് ഒ  കെ. ജി.സുരേഷിന്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘം  അറസ്റ്റ് ചെയ്തു .


കോട്ടപ്പടി ചൂൽപ്പുറം രായംമരക്കാർ വീട്ടിൽ  ഷാഹിദ് (32  വയസ്സ് ), കടപ്പുറം അഞ്ചങ്ങാടി കറുകമാട് പുതുവീട്ടിൽ അജ്മൽ (25 വയസ്സ് ), വെന്മേനാട് പോക്കാക്കില്ലത്ത് ഫൈസൽ (48 വയസ്സ് ), ചാവക്കാട് ബേബി റോഡ് ആലുങ്ങൽ വീട്ടിൽ സുഫ്‌യാൻ (28 വയസ്സ് ) എന്നിവരെയാണ് കുന്നംകുളം  പോലീസ് സംഭവമുണ്ടായി മണിക്കൂറുകൾക്കുള്ളിൽ   അറസ്റ്റ്  ചെയ്തത്. പുലർച്ചെ 01.30 നാണ്  കേസിനാസ്പദമായ സംഭവം.സുഹൃത്തിന്റെ കൈയിൽ നിന്നും ഉപയോഗിക്കാനായി വാങ്ങിയ കാറുമായി കൊല്ലത്തുള്ള ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന വണ്ടൂർ സ്വദേശി റഫീഖ് അലിയെയും കുടുംബത്തെയുമാണ് പ്രതികൾ ആക്രമിച്ചു വാഹനം തട്ടിയെടുത്തത്. പ്രതികളിൽ  ഒരാളായ ഷാഹിദിന്റെ ബന്ധുവിന്റെ വാഹനം യാതൊരു നിയമാനുസൃതമായ രേഖകളുമില്ലാതെ റെന്റിനു കൊടുത്തത്   തിരിച്ചു കിട്ടുന്നതിന് വേണ്ടിയാണ്  സിനിമാ സ്റ്റൈലിൽ വാഹനം തട്ടിയെടുക്കുന്നതിനുള്ള  പദ്ധതി ഇട്ടത് .   റെന്റ് വാഹനം പിടിച്ചു കൊടുത്തു പരിചയമുള്ള ഫൈസലിനെ  ഇതിനായി ഏല്പിക്കുകയും, ഫൈസലും അജ്മലും ഷാഹിദും കൂടി വണ്ടൂര് മുതൽ വാഹനത്തെ പിന്തുടർന്ന് വരികയും സുഫിയാന്റെ നേതൃത്വത്തിലുള്ള  മറ്റൊരു സംഘത്തെ വാഹനത്തെ തടുക്കുന്നതിനായി പെരുമ്പിലാവ് ഭാഗത്തു നിറുത്തുകയും ചെയ്തു. വാഹനം പെരുമ്പിലാവ് എത്തിയ സമയം ഇരു സംഘവും ചേർന്ന് വാഹനം  തടുത്തു നിറുത്തി സ്ത്രീകളും കുട്ടികളും അടങ്ങുന്ന  കുടുംബത്തെ   ഭീഷണിപ്പെടുത്തിയും ദേഹോപദ്രവം ഏൽപിച്ചും  വലിച്ചിറക്കുകയും  വാഹനം തട്ടിയെടുക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം    ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു പ്രതികളായ അജ്മലിനെയും ഷാഹിദിനെയും തട്ടിയെടുത്ത വാഹന സഹിതം ചാട്ടുകുളത്തു നിന്നും പിടികൂടുകയും മറ്റു രണ്ടു പ്രതികളായ ഫൈസലിനെയും സുഫിയാനെയും ചാവക്കാട് നിന്നും പിടികൂടുകയും ചെയ്തു.  എസ് ഐ   ബാബു. എ എസ് ഐ മാരായ പ്രേംജിത്ത്,   വർഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ ഇ കെ ഹംദ്.വി പി  സുമേഷ്.സജയ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.