18 April 2024 Thursday

ചുഴലിക്കാറ്റ്: തിരുവനന്തപുരത്ത് അതീവ ജാഗ്രത; 15000 പേരെ ഒഴിപ്പിച്ചു

ckmnews

തിരുവനന്തപുരം:ബുറേവി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ അതീവ ജാഗ്രത. വെള്ളിയാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കരുതുന്നത്. കാറ്റിന്റെ പുതിയ സഞ്ചാരപാത വര്‍ക്കലയ്ക്കും ആറ്റിങ്ങലിനും ഇടയിലാണെന്നാണ് റിപ്പോര്‍ട്ട്. 15000 പേരെ ഒഴിപ്പിക്കും. ബുറേലി പൊന്മുടി കടന്നുപോകുമെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഇവിടെ ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളെ ഒഴിപ്പിക്കുമൊന്നണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ചുഴലിക്കാറ്റ് കേരള തീരത്തിന് 120 കിലോമീറ്റര്‍ മാത്രം അകലെയാണ്.

അപകടസാദ്ധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനായി തലസ്ഥാനത്ത് 217 ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. 15,840 പേരെ ക്യാമ്ബുകളിലേക്ക് മാറ്റി. തിരുവനന്തപുരം താലൂക്ക് പരിധിയില്‍ 107 ക്യാമ്ബുകളുണ്ട്. ചിറയിന്‍കീഴ് 33, വര്‍ക്കല 16, നെയ്യാറ്റിന്‍കര 20, കാട്ടാക്കട 12, നെടുമങ്ങാട് 29 എന്നിങ്ങനെയാണ് ക്യാമ്ബുകളുടെ എണ്ണം.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകും എന്നാണ് മുന്നറിയിപ്പ്. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയാണ് ഇത് തുടരുക.തീരദേശമേഖലയില്‍ ശക്തമായ കടല്‍ ക്ഷോഭത്തിനും സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലുണ്ട്. മീന്‍ പിടുത്തക്കാര്‍ക്ക് ശനിയാഴ്ച വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി അടക്കമുളള മലയോര ജില്ലകളില്‍ മണിക്കൂറില്‍ അറുപത് കിലോമീറ്ററിന് മുകളില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ട്. മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

12 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രവേശിക്കും മുമ്ബ് കാറ്റിന്റെ ശക്തി കുറയുമെങ്കിലും തലസ്ഥാന ജില്ലയില്‍ നാശ നഷ്ടങ്ങള്‍ക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 1077 എന്ന നമ്ബറില്‍ തിരുവനന്തപുരം കളക്‌ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 0471 2330077, 0471 2333101 എന്നീ നമ്ബറുകളില്‍ തിരുവനന്തപുരം ഫയര്‍ ഫോഴ്‌സ് കണ്‍ട്രോള്‍ റൂമിലേക്കും വിളിക്കാം. 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. പത്തനംതിട്ട ജില്ലയില്‍ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ ചുഴലിക്കാറ്റ് കടന്ന് പോകും വരെ ശബരിമല പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും.