29 March 2024 Friday

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ തിരഞ്ഞെടുപ്പ് യോഗങ്ങള്‍ അനുവദിക്കില്ല

ckmnews

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് യോഗങ്ങള്‍ നടത്തുന്നതിനും ഇവ തിരഞ്ഞെടുപ്പ് ഓഫീസായി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും അവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ താമസ സൗകര്യം അനുവദിക്കാം. എന്നാല്‍ ഇവിടങ്ങളില്‍ തിരഞ്ഞെടുപ്പ് ഓഫീസ് സംവിധാനങ്ങള്‍ പാടില്ല. രാഷ്ട്രീയ കക്ഷികളുടെ അനൗദ്യോഗിക യോഗങ്ങള്‍ പോലും ഇത്തരം സ്ഥാപനങ്ങളില്‍ ചേരാന്‍ പാടില്ല. ഇത് ലംഘിച്ചാല്‍ മാതൃകാ പെരുമാറ്റച്ചട്ട സംഹിതയുടെ ലംഘനമായി കണക്കാക്കും.

ഒരു രാഷ്ട്രീയ കക്ഷിക്കും 48 മണിക്കൂറില്‍ കൂടുതല്‍ ഇവിടെ മുറി അനുവദിക്കാന്‍ പാടില്ല. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയുള്ള സമയത്തേക്ക് രാഷ്ട്രീയ കക്ഷികള്‍ക്ക് മുറി അനുവദിക്കുന്നതും ബന്ധപ്പെട്ടവര്‍ നിര്‍ത്തിവെക്കണം.