20 April 2024 Saturday

അതിര്‍ത്തി സംഘര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക്‌ അരി ഇറക്കുമതി; മൂന്ന് പതിറ്റാണ്ടിനിടെ ആദ്യം

ckmnews

മുംബൈ: മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യയില്‍ നിന്ന് ചൈന അരി ഇറക്കുമതി ചെയ്യുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ചെയ്യാന്‍ ചൈന തീരുമാനിച്ചത്.

ലോകത്തെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമാണ് ഇന്ത്യ. ചൈന ഏറ്റവും വലിയ ഇറക്കുമതി രാജ്യമാണ്. ഏകദേശം 40 ലക്ഷം ടണ്‍ അരിയാണ് വര്‍ഷാവര്‍ഷം ചൈന ഇറക്കുമതി ചെയ്യുന്നത്. ഗുണമേന്മ ചൂണ്ടിക്കാണിച്ച്‌ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി ഇതുവരെ ഒഴിവാക്കുകയായിരുന്നു ചൈന.

അടുത്തവര്‍ഷം ഇന്ത്യയില്‍ നിന്ന് ചൈന കൂടുതലായി അരി ഇറക്കുമതി ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് റൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. ഇന്ത്യയിലെ അരിയുടെ ഗുണമേന്മ കണ്ടിട്ടാണ് ചൈന ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ലക്ഷം ടണ്‍ അരി ഇറക്കുമതി ചെയ്യാനാണ് കരാര്‍ ആയത്. ഡിസംബര്‍- ഫെബ്രുവരി കാലയളവിലാണ് അരി കയറ്റി അയയ്ക്കുക. ടണിന് 300 ഡോളര്‍ എന്ന നിരക്കിലാണ് കരാര്‍ ഒപ്പിട്ടതെന്നും അധികൃതര്‍ വ്യക്തമാക്കി. പരമ്ബരാഗതമായി തായ്‌ലന്‍ഡ്, വിയറ്റ്‌നാം, മ്യാന്മാര്‍,പാകിസ്ഥാന്‍ എന്നി രാജ്യങ്ങളില്‍ നിന്നാണ് ചൈന അരി ഇറക്കുമതി ചെയ്യുന്നത്.