28 March 2024 Thursday

ആരാധനാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തിരഞ്ഞെടുപ്പ് ഓഫീസ് വേണ്ട

ckmnews

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും സ്ഥാപിക്കുന്ന താല്‍കാലിക തിരഞ്ഞെടുപ്പ് ഓഫീസ്, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പൊതു സ്ഥലം, സ്വകാര്യ സ്ഥലം എന്നിവിടങ്ങളില്‍ വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പഞ്ചായത്ത് തലത്തില്‍ പോളിങ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന 200 മീറ്റര്‍ പരിധിയിലും നഗരസഭ തലത്തില്‍ 100 മീറ്റര്‍ പരിധിയിലും ഇത്തരം ഓഫീസുകള്‍ പ്രവര്‍ത്തിക്കരുത്.

എന്നാല്‍ തിരഞ്ഞെടുപ്പ് ഓഫീസുകള്‍ സ്ഥാപിക്കുന്നിടത്ത് സ്ഥാനാര്‍ത്ഥിയുടെ പേര്, ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനര്‍ മാത്രം വെക്കാന്‍ അനുമതിയുണ്ട്. ഇവക്കെല്ലാം ബന്ധപ്പെട്ട അധികാരിയില്‍ നിന്ന് രേഖാമൂലം അനുമതി വാങ്ങണം.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പൊതുയോഗത്തിനും സമയപരിധിയുണ്ട്. രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ പൊതുയോഗം നടത്തരുത്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പു മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള സമയത്ത് പൊതുയോഗം, ജാഥ എന്നിവ പാടില്ല.