19 April 2024 Friday

സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ ഏത് റൂട്ടിലും ഓടാന്‍ അനുമതി : ഉത്തരവ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ckmnews

പെര്‍മിറ്റില്ലാതെ വന്‍കിട കമ്ബനികള്‍ക്ക് ഏത് റൂട്ടിലും ബസ് ഓടിക്കാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. ഓണ്‍ലൈന്‍ ടാക്സി സര്‍വീസിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടതിനൊപ്പമാണ് ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍, കേന്ദ്ര നിയമത്തിനു അനുസൃതമായി സംസ്ഥാന സര്‍ക്കാരിനു ഉത്തരവിറക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏതുതരം വാഹനങ്ങളും ഓണ്‍ലൈനില്‍ വാടക ഈടാക്കി ഓടിക്കാം. ഇതോടെ അഗ്രഗേറ്റര്‍ ലൈസന്‍സ് സമ്ബാദിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് നല്‍കി ഏതു റൂട്ടിലും ബസ് ഓടിക്കാനുള്ള അവകാശം ലഭിക്കും.

നേരത്തെ, കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം ഓണ്‍ലൈന്‍ ടാക്സികളെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിനു നിര്‍ദേശിച്ചിരുന്നു. ഇതു പ്രകാരമാണ് കേന്ദ്രത്തിന്റെ ഈ നടപടി. അഗ്രഗേറ്റര്‍ ലൈസന്‍സ് എടുത്താല്‍ നിലവിലെ അന്തര്‍സംസ്ഥാന ആഡംബര ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് ഏതു റൂട്ടിലും ടിക്കറ്റ് നല്‍കി യാത്രക്കാരെ കൊണ്ടുപോകാന്‍ സാധിക്കും. ഇവര്‍ ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനങ്ങളും മൊബൈല്‍ ആപ്പും നിയമവിധേയമാക്കിയിട്ടുണ്ട്.

5 ലക്ഷം രൂപയാണ് അഞ്ചുവര്‍ഷത്തേക്ക് ലൈസന്‍സ് ഫീസ്. കൂടാതെ, 100 ബസ്സുകളും 1000 മറ്റു വാഹനങ്ങളുമുള്ള കമ്ബനികള്‍ ഒരു ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി അടയ്ക്കേണ്ടതായി വരും.