19 April 2024 Friday

ഭാര്യയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതിയെ വെറുതെവിട്ടു

ckmnews

ചാവക്കാട്: ഭാര്യയോടുള്ള സംശയത്താല്‍ ജീവന്‍ അപായപ്പെടുത്താന്‍വേണ്ടി വിഷദ്രാവകം ബലമായി വായില്‍ ഒഴിച്ച്‌​ കുടിപ്പിക്കുകയും മാരകായുധംകൊണ്ട് ആക്രമിച്ച്‌ പരിക്കേല്‍പിക്കുകയും ചെയ്തെന്ന കേസിലെ പ്രതിയെ വെറുതെവിട്ടു. പെരുമ്ബിലാവ് വീട്ടുവളപ്പില്‍ അബ്​ദുല്‍ റസാക്കിനെയും (40) ബന്ധുവിനെയുമാണ് ചാവക്കാട്‌ അസി. സെഷന്‍സ് കോടതി ജഡ്ജി ടി.ഡി. ബൈജു വെറുതെ വിട്ടുകൊണ്ട് ഉത്തരവിട്ടത്.

2015ലാണ് കേസിനാസ്പദമായ സംഭവം. വിദേശത്ത് ജോലി ചെയ്തിരുന്ന ഭര്‍ത്താവ് ലീവിന് വന്ന അന്നുതന്നെ അര്‍ധരാത്രി കിടപ്പുമുറിയിലെ ബഡില്‍ ഇട്ട് ഭാര്യയെ മാരകായുധം ഉപയോഗിച്ച്‌ ആക്രമിച്ച്‌ വിഷദ്രാവകം ബലമായി വായില്‍ ഒഴിപ്പിച്ച്‌ കുടിപ്പിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് രക്തം ഛര്‍ദിച്ച യുവതിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍വെച്ച്‌ യുവതി ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പീഡനത്തിനും വിഷദ്രാവകം ബലമായി കുടിപ്പിച്ച്‌ ജീവഹാനി വരുത്താന്‍ ശ്രമിച്ചതിനും കുന്നംകുളം പൊലീസില്‍ മൊഴിനല്‍കുകയായിരുന്നു.

വിഷദ്രാവക കുപ്പിയും മാരകായുധവും കോടതിയില്‍ ഹാജരാക്കിയെങ്കിലും പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. പ്രതികള്‍ക്കുവേണ്ടി അഡ്വ. പി.എ. പ്രദീപ് ഹാജരായി.