20 April 2024 Saturday

തടവുകാര്‍ക്കായി ജയിലിനകത്ത് എടിഎം സൗകര്യമൊരുക്കുന്നു, എടിഎം കാര്‍ഡുകള്‍ നല്‍കി; നടപടി ഗേറ്റിന് മുന്നിലെ തിരക്ക് നിയന്ത്രിക്കാനെന്ന് ബീഹാര്‍ സര്‍ക്കാര്‍

ckmnews

പട്‌ന: ബീഹാറിലെ പൂര്‍ണിയ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് ജയിലിനകത്ത് എടിഎം സൗകര്യം ഒരുക്കുന്നു.തടവുകാര്‍ക്ക് ദൈനംദിന ആവശ്യത്തിനായുള്ള പണം പിന്‍വലിക്കുന്നതിനായിട്ടാണ് ജയിലില്‍ എടിഎം സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ജയില്‍ ഗേറ്റിലുള്ള തടവുകാരുടെ ബന്ധുക്കളുടെയും മറ്റും തിരക്ക് നിയന്ത്രിക്കാനാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. 'ജയിലിനകത്ത് എടിഎം സ്ഥാപിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ'- പൂര്‍ണിയ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ജിതേന്ദ്ര കുമാര്‍ പറഞ്ഞു.

മൊത്തം 750 തടവുകാരണ് ജയിലിലുള്ളത്. അവരില്‍ അറുനൂറ് പേര്‍ക്കും ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് ജയില്‍ സൂപ്രണ്ട് പറഞ്ഞു. 400 തടവുകാര്‍ക്ക് എടിഎം കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്, ബാക്കിയുള്ളവര്‍ക്ക് ഉടന്‍ നല്‍കും അദ്ദേഹം വ്യക്തമാക്കി.

നാല് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ് തടവുകാരുടെ ജോലി സമയം. 52 രൂപ മുതല്‍ 103 രൂപ വരെ വേതനം നല്‍കുകയും, ആ പണം അവരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു.2019 ജനുവരി വരെ വേതനം ചെക്കുകളിലൂടെയായിരുന്നു നല്‍കിയിരുന്നത്.