19 April 2024 Friday

തെസ്നിമിന്റെ റാങ്ക് നേട്ടം; മലയാളിക്ക് അഭിമാന നിമിഷം എം. എസ്. എഫ് ഉപഹാരം നൽകി

ckmnews

തെസ്നിമിന്റെ റാങ്ക് നേട്ടം; മലയാളിക്ക് അഭിമാന നിമിഷം


എം. എസ്. എഫ് ഉപഹാരം നൽകി 


പൊന്നാനി: ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിൽ പി ജി എൻട്രൻസിൽ ഒന്നാം റാങ്ക് കരസ്തമാക്കിയ തെസ്നിമിനെ എം എസ് എഫ് ആദരിച്ചു. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസ് റാങ്ക് ജേതാവ് തെസ്നിമിനുള്ള ഉപഹാരം കൈമാറി. അര നൂറ്റാണ്ടിന് ശേഷം കേരളത്തിന്‌ സുവർണ്ണ നിമിഷം സമ്മാനിച്ച തെസ്നിമിനെ മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീർ എം പി ഫോണിൽ വിളിച്ചു അഭിനന്ദനം അറിയിച്ചു.


മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് സ്വദേശിയായ പത്തുകണ്ടത്തിൽ ജലീൽ താഹിറ ദമ്പതികളുടെ മകളാണ് തെസ്‌നിം പി. പത്താം ക്ലാസ്സ്‌ വരെ കെ എം എം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിച്ചു. പത്താം ക്ലാസിൽ 100 ശതമാനം മാർക്ക് നേടി. ഗവണ്മെന്റ് മോഡൽ സ്കൂളിൽ നിന്നും 97 ശതമാനത്തോട് കൂടി  മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി പ്ലസ് ടു വിജയിച്ചു. പിന്നീട് ഒരു വർഷം എൻട്രൻസ് കോച്ചിങ്ങിന് പോയി പരിശ്രമിച്ചെങ്കിലും എം ബി ബി എസ് എന്ന കടമ്പ കടക്കാനായില്ല. പ്രൊഫഷണൽ കോഴ്സ് തന്നെ പഠിക്കണം എന്നത് കൊണ്ടും കൃഷി എന്ന വിഷയത്തിൽ താല്പര്യം ഉള്ളത് കൊണ്ടും ബി. എസ്. സി അഗ്രിക്കൾച്ചർ (ഹോൺസ്) എന്ന നാല് വർഷത്തെ കോഴ്സ് തിരഞ്ഞെടുത്തു. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കോളേജ് ഓഫ് ഹോർട്ടിക്കൾച്ചറൽ വെള്ളാനിക്കര തൃശൂരിലാണ് ബി. എസ്. സി  അഗ്രികൾച്ചർ ബിരുദം പഠിച്ചത്. കാർഷിക ബിരുദത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടിയ തെസ്‌നിം ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച് ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് എം എസ് സി അഖിലേന്ത്യാ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടുകയുമുണ്ടായി. ഇന്ത്യയിലെ കാർഷിക മേഖലയിൽ ഉന്നത സ്ഥാപനമായ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡൽഹിയിൽ ആണ് പ്രവേശനം ലഭിച്ചിട്ടുള്ളത്. പഠന ശേഷം സിവിൽ സർവീസ് കോഴ്സിന് ചേരാനാണ്  തെസ്നിമിന്റെ ആഗ്രഹം.


ചടങ്ങിൽ എം എസ് എഫ് ദേശീയ സെക്രട്ടറി ഇ ഷമീർ, സംസ്ഥാന സെക്രട്ടറി അഷ്ഹർ പെരുമുക്ക്, ജില്ലാ ജനറൽ സെക്രട്ടറി വി എ വഹാബ്, പൊന്നാനി നിയോജക മണ്ഡലം പ്രസിഡന്റ്‌ നദീം ഒളാട്ട്, ഭാരവാഹികളായ എ പി ജംഷീർ,ഫാഹിദ് എരമംഗലം,യൂത്ത് ലീഗ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി റാഫി ആമയം, അഹ്റാസ് പാലപ്പെട്ടി,ഫാറൂഖ് പുത്തൻപള്ളി, മൻസൂർ,അഷ്‌കർ, ജാഷിർ എന്നിവർ പങ്കെടുത്തു.