19 April 2024 Friday

ഇന്ന് രാത്രി ലൈറ്റ് അണയ്‌ക്കൽ ,​ ജലവൈദ്യുത നിലയങ്ങളിൽ ഉത്പാദനം കുറയ്‌ക്കും

ckmnews


ന്യൂഡൽഹി: ഇന്ന് രാത്രി 9ന് 9 മിനിട്ട് രാജ്യത്താകെ വീടുകളിലെ ലൈറ്റ് അണയ്‌ക്കുന്നത് വൈദ്യുതി വിതരണ ശൃംഖലയെ ബാധിക്കാതിരിക്കാൻ അധികൃതർ അതീവ ശ്രദ്ധ പുലർത്തും. എല്ലാ വീട്ടിലും ലൈറ്റ് അണയുമ്പോൾ വൈദ്യുതി ലോഡിൽ 12-13 ജിഗാ വാട്ടിന്റെ കുറവ് പെട്ടെന്നു വരുന്നതും 9 മിനിട്ടിന് ശേഷം അതു തിരിച്ചു വരുന്നതും മുൻകൂട്ടി കണ്ടാണ് മുന്നൊരുക്കം. അതീവ ശ്രദ്ധയോടെ നിയന്ത്രിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോവും.ഇന്നു വൈകിട്ട് മുതൽ ഘട്ടംഘട്ടമായി ജലവൈദ്യുത നിലയങ്ങളും വാതക വൈദ്യുത നിലയങ്ങളും നിയന്ത്രിച്ച് വൈദ്യുതി ഉത്പാദനം കുറയ്‌ക്കും. രാത്രി എട്ടരയ്ക്കു ശേഷം വോൾട്ടേജിൽ ചെറിയ കുറവുണ്ടാകാം. പ്രാദേശികമായി ലോഡ് ഷെഡിംഗും നടപ്പിലാക്കും. രാജ്യത്തെ എല്ലാ വീടുകളിലും 9 മിനിട്ട് ലൈറ്റുകൾ അണയ്‌ക്കുമ്പോൾ മൊത്തം ആവശ്യത്തിൽ 90,000-1,00,000 മെഗാവാട്ട് വരെ കുറവ് വരും.ഉൗർജ മന്ത്രാലത്തിന് കീഴിലെ പവർ സിസ്റ്റം ഓപ്പറേഷൻ കോർപറേഷൻ (പോസോക്കോ),​ നാഷണൽ ലോഡ് ഡെസ്‌പാച്ച് സെന്റർ, രാജ്യത്തെ അഞ്ച് റീജിയണൽ ലോഡ് ഡെസ്‌പാച്ച് കേന്ദ്രങ്ങൾ (ആർ.എൽ.ഡി.സി), 33 സംസ്ഥാന ലോഡ് ഡെസ്‌പാച്ച് കേന്ദ്രങ്ങൾ (എസ്.എൽ.ഡി.സി) എന്നിവ ഏകോപിച്ചാണ് പ്രവർത്തനം.രാത്രി 9.05 മുതൽ വൈദ്യുതി ഉത്പാദനം ഘട്ടംഘട്ടമായി കൂട്ടും. ജലവൈദ്യുത നിലയങ്ങൾ പൂർവ സ്ഥിതിയിലാകാൻ സമയമെടുക്കുമെന്നതിനാൽ മറ്റ് നിലയങ്ങളിൽ നിന്ന് അധിക വൈദ്യുതിയെടുക്കും. വിതരണ ശൃംഖലയിൽ ഒരു നിശ്‌ചിത ഫ്രീക്വൻസി നിലനിറുത്തിക്കൊണ്ടായിരിക്കും ഉത്പാദനം പുന:ക്രമീകരിക്കുക. വൈദ്യുതി നിലയങ്ങളിലെയും വിവിധ ഗ്രിഡ് ശൃംഖലകളിലെയും ജീവനക്കാരുടെ ഷിഫ്‌റ്റ് പുനഃക്രമീകരിച്ചിട്ടുണ്ട്.ലോക്ക് ഡൗണിന് ശേഷം ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത് വീടുകളിലാണ്. വ്യാവസായിക വൈദ്യുതി ഉപയോഗം കുത്തനെ ഇടിഞ്ഞു. മറ്റൊരു അവസരത്തിലായിരുന്നെങ്കിൽ വീടുകളിലെ ലോഡ് കുറയുമ്പോൾ വ്യാവസായിക, വാണിജ്യ മേഖലകളിലേക്ക് തിരിച്ചുവിടാമായിരുന്നു.


2012ലെ 'ബ്ളാക്ക് ഔട്ട്' ചെറിയ സാങ്കേതികത്തകരാറുണ്ടായ 2012ൽ വൈദ്യുതി വിതരണം നിലച്ച് ഡൽഹി അടക്കം വടക്കേ ഇന്ത്യ ഒന്നാകെ 'ബ്ളാക്ക് ഔട്ട്' ആയി. അന്ന് കേരളം ഉൾപ്പെട്ട ദക്ഷിണ ഗ്രിഡ് വടക്കെ ഇന്ത്യയുമായി ബന്ധിപ്പിച്ചിരുന്നില്ല. അതിനാൽ ഇവിടെ ബാധിച്ചില്ല. ഇന്ന് ഇന്ത്യയൊട്ടാകെ ബന്ധിപ്പിച്ച് നാഷണൽ ഗ്രിഡ് സംവിധാനമാണ്. എവിടെയെങ്കിലും പിഴച്ചാൽ രാജ്യത്തെ മുഴുവൻ ബാധിക്കും40,000 മെഗാവാട്ട്: ലോക്ക് ഡൗണിനു ശേഷം രാജ്യത്ത് ഉത്പാദനം കുറച്ചത്.1,20,259 മെഗാവാട്ട് : ഏപ്രിൽ മൂന്നിന് രാത്രി 8ന് വേണ്ടി വന്നത്.1,66,915 മെഗാവാട്ട്: കഴിഞ്ഞ കൊല്ലം ഇതേ ദിവസം ഉപയോഗം