19 April 2024 Friday

രണ്ട് ബൈക്കുകള്‍ മോഷ്ടിച്ച പ്രതികള്‍ പിടിയില്‍; സംഘത്തില്‍ പ്രായപൂര്‍ത്തി ആകാത്തയാളും

ckmnews

മലപ്പുറം :താനൂരില്‍ രണ്ട് ബൈക്കുകള്‍ മോഷ്ടിച്ച പ്രതികള്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്തയാളുള്‍പ്പെടെ ആറുപേരെയാണ് താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നമ്ബര്‍ മാറ്റിയ മോഷ്ടിച്ച ബൈക്കുകളും കണ്ടെടുത്തു.

താനൂരിലെ കെഎസ്‌ഇബി ജീവനക്കാരനും കൊല്ലം പള്ളിക്കല്‍ സ്വദേശിയുമായ സുദീശന്റെയും തലക്കടതത്തൂര്‍ സ്വദേശി ഷാഹുല്‍ ഹമീദിന്റെയും ബൈക്കുകളാണ് ഒരാഴ്ച്ചയ്ക്ക് മുമ്ബ് പ്രതികള്‍ മോഷ്ടിച്ചത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ പ്രതികള്‍ മോഷ്ടിച്ച്‌ കടത്തുകയായിരുന്നു.

തുടര്‍ന്ന് ബൈക്കുകളുടെ നമ്ബര്‍ മാറ്റി പ്രതികള്‍ ഉപയോഗിച്ചു. ഉടമകളുടെ പരാതിയെ തുടര്‍ന്ന് താനൂര്‍ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്. താനൂര്‍ സ്വദേശികളായ റിസ്വാന്‍, ഷറഫുദ്ദീന്‍, അഫ്സര്‍, മുഹമ്മദ് അദിനാര്‍, അഷ്കര്‍, ഒരു പതിനേഴ് വയസുകാരന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പരിശോധനയ്ക്കിടെ അസ്വഭാവികത തോന്നിയ പൊലീസ് വാഹനത്തിന്റെ റജിസ്ട്രേഷന്‍ നമ്ബര്‍ പരിശോധിച്ചപ്പോഴാണ് വാഹനങ്ങള്‍ മോഷ്ടിച്ചതാണെന്നുറപ്പിച്ചത്. പ്രതികളായ അഞ്ചുപേരെ പരപ്പനങ്ങാടി കോടതി റിമാന്റ് ചെയ്തു.

ജുവനൈല്‍ ജസ്റ്റിസിന് മുന്നില്‍ ഹാജരാക്കിയ പ്രായപൂര്‍ത്തിയാകാത്ത വ്യക്തി മുമ്ബും മോഷണ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.