25 April 2024 Thursday

പാഥേയം കമ്മ്യൂണിറ്റി കിച്ചനിലേക്ക്‌ സമാഹരിച്ച വിഭവങ്ങൾ ഗ്രാമ പഞ്ചായത്തുകൾക്ക്‌ ഉടൻ വിതരണം ചെയ്യണം യു ഡി എഫ്‌

ckmnews

പെരുമ്പടപ്പ്: ലോക്‌ ഡൗണിൽ പ്രയാസമാനുഭവിക്കുന്നവരെ സഹായിക്കാനായി സ്പീക്കർ പ്രഖ്യാപിച്ച പാഥേയം കിച്ചണിലേക്ക്‌ സുമനസ്സുകൾ നൽകിയ വിഭവങ്ങൾ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി കിച്ചനുകളിലേക്ക്‌ ഉടൻ വിതരണം ചെയ്യണം എന്ന് യു ഡി എഫ്‌ പത്രസമ്മേളനത്തില്‍  ആവശ്യപ്പെട്ടു.പാഥേയം പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി കിച്ചണുകളെ സഹായിക്കുമെന്ന ആദ്യ വാഗ്ദാനത്തിൽ നിന്നും പിന്മാറി സമാന്തര കിച്ചൺ ഒരുക്കി പഞ്ചായത്ത് കിച്ചണുകളെ അട്ടിമറിക്കാൻ ശ്രമിച്ചതിനെയാണ് യു.ഡി.എഫ് ചോദ്യം ചെയ്തത്. സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കും മാർഗനിർദ്ദേശങ്ങൾക്കും വിരുദ്ധമായി പെരുംമ്പടപ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ തുടങ്ങിയ സമാന്തര കിച്ചൻ രാഷ്ടീയ,സാമ്പത്തികനേട്ടങ്ങൾക്ക്‌ മാത്രമായിരുന്നെന്നും നടത്തിപ്പ്‌  സ്വജനപക്ഷപാതപരമായിരുന്നെന്നും അത്‌ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്  ഈ അടുക്കള നിർത്തിവെക്കാൻ ബ്ലോക്ക് പഞ്ചായത്ത് നിർബന്ധിതമായതെന്നും ഭാരവാഹികള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഈ പദ്ധതിയിലേക്ക്‌ നടത്തിയ ധന സമാഹരണത്തിന്റെ കണക്കുകൾ വെളിപ്പെടുത്തുകയും തുല്യമായി ഗ്രാമപഞ്ചായത്തുകൾക്ക് വീതിച്ച് നൽകുകയും വേണം.ബ്ലോക്ക് പഞ്ചായത്ത് കിച്ചൻ നിർത്തി വെച്ചതിനെ യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി സ്വഗതം ചെയ്യുന്നതായും നേതാക്കള്‍ പറഞ്ഞു.പത്രസമ്മേളനത്തിൽ അഡ്വ.സിദ്ദീക്ക് പന്താവൂർ ,ഷാനവാസ് വട്ടത്തൂർ ,ഷംസു കല്ലാട്ടയിൽ, സുഹ്റ ബാബു, കദീജ മൂത്തേടത്ത്, സി കെ പ്രഭാകരൻ, കെ കെ ബീരാൻ കുട്ടി, കെ ഇബ്രാഹിം,റിയാസ് പഴഞ്ഞി, ടി എ മജീദ്, രാജാറാം പങ്കെടുത്തു