25 April 2024 Thursday

പാഥേയം സാമൂഹ്യ അടുക്കള നിര്‍ത്തി , വിശദീകരണവുമായി പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

ckmnews



പെരുമ്പടപ്പ്:പാഥേയം സാമൂഹ്യ അടുക്കള നിര്‍ത്തി.പ്രത്യേക സാഹചര്യത്തില്‍ രാഷ്ട്രീയ ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സാമൂഹ്യ അടുക്കളയുടെ പ്രവര്‍ത്തനം നിര്‍ത്തിയത്.സംഭവത്തില്‍ വിശദീകരണവുമായി പെരുമ്പടപ്പ് ബ്ളോക്ക് പ്രസിഡണ്ട് ആറ്റുണ്ണി തങ്ങള്‍ വിശദീകരണവുമായി രംഗത്തെത്തി.കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പട്ടിണി കിടക്കുന്നവര്‍ ഉണ്ടാകാന്‍ പാടില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ ഔപചാരികമായി തീരുമാനിക്കുകയും ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ സാമൂഹിക അടുക്കളകള്‍ ആരംഭിക്കാന്‍ തീരുമാനിക്കുന്നതിന് മുന്‍പു തന്നെ പൊന്നാനിയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ വീഡിയോ കോണ്‍ഫറന്‍സില്‍ സാമൂഹ്യ അടുക്കളകള്‍ ആരംഭിക്കുന്നതിന് തീരുമാനമുണ്ടായതാണെന്നും അതിന് സഹകരിക്കാന്‍ ധാരാളം ആളുകള്‍ മുന്നോട്ടു വരികയും ചെയ്തിരുന്നുവെന്നും ബ്ളോക്ക് പ്രസിഡണ്ട് ആറ്റുണ്ണി തങ്ങള്‍ പറഞ്ഞു.സഹായം ആദ്യം എത്തിച്ചത് നമ്മുടെ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കാണ്.സര്‍ക്കാരിന്‍റെ പണം വരുമോ വരില്ലയോ എന്ന സംശയത്തില്‍ സാമൂഹ്യ അടുക്കളകള്‍ ആരംഭിക്കാന്‍ മടിച്ചു നിന്നിരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ആദ്യ ഒരാഴ്ചത്തേക്ക് ആവശ്യമായ അരിയും പലവ്യഞ്ജനങ്ങളും ബഹുമാനപ്പെട്ട പൊന്നാനി തഹസില്‍ദാരുടെ നേതൃത്വത്തിലാണ് എത്തിച്ചത്. ലഭ്യമായ സന്നദ്ധ സംഭാവനകള്‍ തഹസില്‍ദാറിനെയാണ് ഏല്‍പ്പിക്കുന്നത്. തഹസില്‍ദാരുടെ കയ്യില്‍ സമര്‍പ്പിക്കുന്നതല്ലാതെ ഒരാളുടെ കയ്യില്‍ നിന്നും പണം സ്വീകരിക്കുകയോ സംഭാവന സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളില്‍ ഏല്‍പ്പിച്ച അരിയുടെ വില തഹസില്‍ദാരാണ് നേരിട്ട് വിതരണം ചെയ്തത്.അതിന്‍റെ കണക്കുകളെല്ലാം താലൂക്ക് ഓഫീസില്‍ ഉണ്ട്. തുടര്‍ന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വേണ്ടത്ര നിലയില്‍ എത്താതിരിക്കുകയും ഭക്ഷണമില്ലാതെ പലതരം പരാതികള്‍ ഉയര്‍ന്നു വരികയും ചെയ്ത സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്തുകളെ പ്രത്യേകിച്ചും വെളിയംകോട്, മാറഞ്ചേരി, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തുകളെ സഹായിക്കുക എന്ന ലക്ഷ്യം വെച്ചു കൊണ്ടാണ് സാമൂഹ്യ അടുക്കള വഴി പരമാവധി ആളുകള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ശ്രമം നടത്തിയത്.അന്നത്തിന്‍റെ പേരില്‍ ഇങ്ങനെയൊരു ആക്ഷേപം ഉയര്‍ന്നു വരുമെന്ന് ഒരിക്കലും പ്രതിക്ഷിച്ചില്ല. സ്നേഹത്തിന്‍റെ ഭക്ഷണം വിളമ്പിയതിന്‍റെ പേരില്‍ വിഷം ചീറ്റുന്ന രീതി ഉണ്ടാകുമെന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല.ആയതിനാല്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് , യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ ഇഷ്ടവും ആഗ്രഹത്തിനനുസരിച്ച് ബ്ലോക്ക് പഞ്ചായത്ത് നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹ്യ അടുക്കള അവസാനിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കുകയാണ്.അവരുടെ ലിസ്റ്റ് ഈ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറും. അവര്‍ക്ക് അത് എത്തിക്കാന്‍ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. ഭക്ഷണത്തിന്‍റെ പേരില്‍ ഇങ്ങനെയൊരു വിവാദമുണ്ടായത് വേദനാജനകമാണ്. ഈ പ്രതിസന്ധിക്കാലത്ത് സാധാരണക്കാരന്‍റെ വിശപ്പിനെ ഒറ്റിക്കൊടുത്തവര്‍, ഭക്ഷണത്തിലും രാഷ്ട്രീയം കലര്‍ത്തിയവര്‍ ഇന്നല്ലെങ്കില്‍ നാളെ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ആറ്റുണ്ണി തങ്ങള്‍ പറഞ്ഞു. സാമൂഹ്യ അടുക്കളയക്ക് വേണ്ടി ഇതു വരെ സഹായിച്ച സഹകരിച്ച സുമനസ്സുകള്‍ക്ക് ബ്ളോക്ക് പ്രസിഡണ്ട് ആറ്റുണ്ണിതങ്ങള്‍ നന്ദി അറിയിച്ചു.