25 April 2024 Thursday

ഇടുക്കിയില്‍ നിന്നും വധു വയനാട്ടിലെ വിവാഹവേദിയിലെത്തിയത് ഹെലികോപ്ടറില്‍ .. വീണ്ടും തരംഗമായി ഒരു ന്യൂജെന്‍ വിവാഹം

ckmnews

കട്ടപ്പന: ഇടുക്കിയില്‍ നിന്നും വധു വയനാട്ടിലെ വിവാഹവേദിയിലെത്തിയത് ഹെലികോപ്ടറില്‍ …. വീണ്ടും തരംഗമായി ഒരു ന്യൂജെന്‍ വിവാഹം. ഇത് ഇടുക്കി വണ്ടമ്മേട് സ്വദേശി മരിയ. വധുവായ മരിയ വിവാഹ വേദിയിലേയ്ക്ക് എത്തിയതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരിക്കുന്നത്. വണ്ടന്മേട് ആമയാര്‍ ആക്കാട്ടമുണ്ടയില്‍ ബേബിച്ചന്റെ മകള്‍ മരിയയുടെയും വയനാട് പുല്‍പ്പള്ളി കാക്കുഴിയില്‍ ടോമിയുടെ മകന്‍ വൈശാഖിന്റെയും വിവാഹമാണ് ഹെലികോപ്ടറിന്റെ സാന്നിധ്യം കൊണ്ട് വ്യത്യസ്തമായത്.

ആമയാര്‍ എം.ഇ.എസ്. സ്‌കൂള്‍ മൈതാനത്താണ് ഹെലികോപ്ടറില്‍ എത്തിയ വധു ഇറങ്ങിയത്. വയനാട്ടില്‍ നടന്ന വിവാഹത്തിനെത്താന്‍ വധുവും കൂട്ടരും ആമയാര്‍ എം.ഇ.എസ്. സ്‌കൂള്‍ മൈതാനത്തിലേയ്ക്ക് ഹെലികോപ്റ്ററില്‍ യാത്രതിരിച്ചു. വിവാഹശേഷം ഇതേ ഹെലികോപ്റ്ററില്‍ വധുവും വരനും വൈകീട്ടോടെ വണ്ടന്മേട്ടിലെത്തി. വണ്ടന്മേട്ടില്‍നിന്ന് ഒന്നേകാല്‍മണിക്കൂര്‍കൊണ്ട് വയനാട്ടിലെ വിവാഹസ്ഥലത്ത് എത്തി. ചെലവ് കൂടുതലായെങ്കിലും യാത്രയ്ക്ക് ചുരുങ്ങിയ സമയമേ വേണ്ടിവന്നുള്ളൂ. വിവാഹദിവസം റോഡ് യാത്ര ഒഴിവാക്കാനുമായി. ഇക്കാരണങ്ങളാലാണ് യാത്ര ഹെലികോപ്റ്ററിലാക്കിയതെന്ന് വധുവിന്റെ വീട്ടുകാര്‍ പറഞ്ഞു.

ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയ വധു പുല്‍പ്പള്ളിയിലെ നാട്ടുകാര്‍ക്കും കൗതുകമായി . തിങ്കളാഴ്ച ഉച്ചയോടെയാണ് പഴശ്ശിരാജാ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയത്. നാട്ടുകാര്‍ ആദ്യം കരുതിയത് രാഹുല്‍ ഗാന്ധി എംപി. വന്നെന്നാണ്. പിന്നീടാണ് ന്യൂജെന്‍ കല്യാണത്തിന് വധുവിന്റെ മാസ് എന്‍ട്രിയായിരുന്നു അതെന്ന്.