25 April 2024 Thursday

രഹ്ന ഫാത്തിമയ്ക്ക് ഒരവസരം കൂടി നല്‍കി ഹൈക്കോടതി

ckmnews

കൊച്ചി :മാധ്യമങ്ങളിലൂടെയുള്ള അഭിപ്രായപ്രകടനം വിലക്കി രഹ്ന ഫാത്തിമയ്ക്ക് ഒരവസരം കൂടി നല്‍കുകയാണെന്ന് ഹൈക്കോടതി. സമൂഹമാധ്യമത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റിട്ട കേസില്‍ വിചാരണ കഴിയും വരെ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്‌ട്രോണിക്, സമൂഹ മാധ്യമങ്ങളിലൂടെയോ രഹ്ന ഫാത്തിമ അഭിപ്രായ പ്രകടനം നടത്തുന്നതു വിലക്കിയ ഹൈക്കോടതി ജാമ്യം റദ്ദാക്കാനുള്ള ഘടകങ്ങളുണ്ടെങ്കിലും ഒരവസരം കൂടി നല്‍കുകയാണെന്നു പറഞ്ഞു.

രണ്ടു കേസില്‍ അറസ്റ്റിലായതും ജോലി നഷ്ടപ്പെട്ടതും അവരുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാക്കിയിട്ടില്ല. ഇനിയെങ്കിലും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കുമെന്നു കരുതുന്നു. അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടാകരുതെന്നു തിരിച്ചറിയുമെന്നാണു പ്രതീക്ഷ.

കുക്കറി ഷോയില്‍ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം നടത്തിയത് ജാമ്യവ്യവസ്ഥയുടെ ലംഘനമായതിനാല്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കിയാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്.നിശ്ചിത ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പില്‍ ഹാജരാകണമെന്നത് ഉള്‍പ്പെടെ കര്‍ശന വ്യവസ്ഥകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാകും.