19 April 2024 Friday

മലിനീകരണം ഡല്‍ഹിയില്‍ കൊവിഡിന്റെ ശക്തി കൂട്ടിയെന്ന് കെജരിവാള്‍; മുഖ്യമന്ത്രിമാരുടെ യോഗം തുടരുന്നു

ckmnews

ന്യൂഡല്‍ഹി | സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സിംഗ് തുടരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലും കൊറോണ കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ യോഗം ഏറെ പ്രധാനമാണ്. ഡല്‍ഹി, മഹാരാഷ്ട്ര, രാജസ്ഥാന്‍, കേരളം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ചാണ് യോഗം ചര്‍ച്ച ചെയ്യുന്നത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 91.77 ലക്ഷം കവിഞ്ഞ സാഹചര്യത്തിലാണ് യോഗം.


ഡല്‍ഹിയിലെ കൊവിഡിന്റെ മൂന്നാം തരംഗത്തില്‍, നവംബര്‍ 10 ന് ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസ്- 8600 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. എങ്കിലും അതിന് ശേഷം രോഗികളുടെ എണ്ണവും പോസിറ്റീവിറ്റി നിരക്കും ക്രമാനുഗതമായി കുറയുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.


മലിനീകരണം പോലുള്ള വിവിധ കാരണങ്ങളാണ് മൂന്നാം തരംഗത്തിന്റെ തീവ്രത വര്‍ധിപ്പിചത്. അയല്‍ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന മലിനീകരണം തടയാന്‍ ഇടപെടണമെന്ന് കെജ്രിവാള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. കൊവിഡ് മൂന്നാം തരംഗം അവസാനിക്കും വരെ 1000 അധിക ഐസിയു കിടക്കകള്‍ കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളില്‍ സൂക്ഷിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചയും യോഗത്തില്‍ നടക്കുന്നുണ്ട്. അഞ്ച് വാക്‌സിനുകള്‍ അവസാന ഘട്ട പരീക്ഷണത്തിലാണ്. വാക്‌സിന്‍ വിപണിയിലെത്തിക്കഴിഞ്ഞാല്‍ അത് എങ്ങനെ വേഗത്തിലും ഫലപ്രദമായും വിതരണം ചെയ്യാന്‍ സാധിക്കുമെന്നതിനെ കുറിച്ചാണ് ചര്‍ച്ച. കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാലയുമായി നിരന്തരം ബന്ധപ്പെടുന്നതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രിയോട് പറഞ്ഞു. വാക്സിന്‍ വിതരണം കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ഒരു ടാസ്‌ക് ഫോഴ്സും രൂപീകരിച്ചിട്ടുണ്ട്.


പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.


മാര്‍ച്ച്‌ 25 ന് രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പെടുത്തിയതിന് ശേഷം പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ ഒന്‍പതാമത് യോഗമാണ് ഇന്ന് ചേരുന്നത്. സെപ്റ്റംബര്‍ 23 നായിരുന്നു അവസാന യോഗം.