19 April 2024 Friday

മലപ്പുറം കിഴാറ്റൂരിൽ സമൂഹ്യവ്യാപനത്തിന് സാധ്യത റാന്‍ഡം പരിശോധന നടത്താൻ ആരോഗ്യവകുപ്പ്

ckmnews


മലപ്പുറം: കീഴാറ്റൂർ സ്വദേശിയായ 85 കാരനാണ് ജില്ലയിൽ അവസാനമായി രോഗം സ്ഥിരീകരിച്ചത്. ഉംറ കഴിഞ്ഞെത്തിയ മകനിൽ നിന്നാവാം രോഗം പകർന്നതന്നാണ് സംശയം. മദ്രസാദ്ധ്യാപകനായ മകൻ നാട്ടിലെത്തിയ ശേഷം വിവിധയിടങ്ങൾ സന്ദർശിക്കുകയും പൊതു പരിപാടികളിൽ പങ്കെടുക്കുകയും പള്ളികളിൽ നമസ്കാരങ്ങൾക്കായി പങ്കെടുക്കുകയും ചെയ്തിരുന്നു. ഇയാൾക്ക് എതിരെ കേസ്സെടുക്കുമെന്നു മന്ത്രി കെടി ജലീൽ പറഞ്ഞു. മാർച്ച് പതിനൊന്നിനാണ് മകൻ ഉംറ കഴിഞ്ഞത്തിയത്. ഇതുവരെയും മകൻ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടില്ല. മകൻ ഉൾപ്പടെ കുടുംബാംഗങ്ങളെ മുഴുവൻ മെഡിക്കൽ കോളേജ് ഐസ്‌ലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.രോഗം സ്ഥിരീകരിച്ച പിതാവ് ചികിത്സ തേടിയ പട്ടിക്കാട്, ആക്കപ്പറമ്പ് എന്നിവിടങ്ങളിലെ രണ്ട് ക്ലിനിക്കുകള്‍ ആരോഗ്യവകുപ്പ് പൂട്ടി. ഇവിടുത്തെയും രോഗിയുമായി ഇടപഴകിയ പെരിന്തൽമണ്ണയിലെ മറ്റ് രണ്ട് ആശുപത്രിയിലുള്ളവരെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. രോഗിയായ 85-കാരന്‍ മന്ത്ര ചികിത്സകന്‍ കൂടിയാണ്. രോഗബാധയുള്ള സമയത്തും ഇയാൾ ചികിത്സ നടത്തിയിട്ടുണ്ട്. സമൂഹ്യവ്യാപനത്തിന് സാധ്യതയുള്ളതിനാൽ കീഴാറ്റൂര്‍ പഞ്ചായത്തില്‍ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കിടയിലും റാന്‍ഡം പരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് ഒരുങ്ങുന്നത്. ഫലത്തിനനുസരിച്ച് കീഴാറ്റൂര്‍, ആനക്കയം പഞ്ചായത്തുകളില്‍ സാമൂഹിക വ്യാപനത്തിന് സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാൽ കാസർകോടിനു സമാനമായി രീതിയിലുള്ള നിയന്ത്രണങ്ങൾ പ്രദേശത്ത് വരുംദിവസങ്ങളിൽ ഏർപ്പെടുത്തുമെന്ന് മന്ത്രി കെ ടി ജലീൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ ജില്ലാ കളക്ടർ തുടങ്ങിയവർ പങ്കെടുത്ത കോവിഡ് അവലോകനയോഗത്തിൽ തീരുമാനിച്ചു