19 April 2024 Friday

കള്ളന്‍ കപ്പലില്‍ തന്നെ; സൗഹൃദകൂട്ടായ്മ പിരിച്ച 2.20 ലക്ഷം മോഷണം പോയി; പോലീസും നാട്ടുകാരും ചേര്‍ന്ന് കള്ളനെ പൊക്കി

ckmnews

തൃശൂര്‍: പാവപ്പെട്ടവരെ സഹായിക്കാനായി ചിറക്കേക്കോട് സൗഹൃദക്കൂട്ടായ്മ പിരിച്ച 2.20 ലക്ഷം രൂപ മോഷണം പോയി. ചിറക്കേക്കോട് ആനന്ദ് നഗറിലെ വീട്ടില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച പണമാണ് മോഷണം പോയത്. എന്നാല്‍ വീട് കുത്തിത്തുറന്നതോ ജനല്‍ പാളികള്‍ തകര്‍ത്തതോ ആയ ലക്ഷണങ്ങളൊന്നും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇതോടെ വീട്ടുകാരും സംശയനിഴലിലായി. എന്നാല്‍ പോലീസ് കള്ളനെ കയ്യോടെ പിടികൂടി നാട്ടുകാരുടെ മുന്നില്‍ എത്തിച്ചു.

ചിറക്കേക്കോട് ആനന്ദ് നഗറില്‍ മടിച്ചിംപാറ രവിയുടെ വീട്ടില്‍ ഇക്കഴിഞ്ഞ 18ന് ആയിരുന്നു സംഭവം. ചിറക്കേക്കോട് സൗഹൃദക്കൂട്ടായ്മ എന്ന സംഘടന പാവപ്പെട്ട ആളുകളെ സഹായിക്കാന്‍ സൂക്ഷിച്ച പണമായിരുന്നു ഇത്. രവിയുംകുടുംബവും പുറത്തുപോയി വന്ന സമയത്താണ് പണം മോഷണം പോയവിവരം അറിഞ്ഞത്. എന്നാല്‍ വീട് കുത്തിത്തുറന്നോ മറ്റുമോ അകത്തുകടക്കാന്‍ ശ്രമിച്ചതിന്റെ യാതൊരു ലക്ഷണങ്ങളും അവിടെയുണ്ടായിരുന്നില്ല. ഇതോടെ നാട്ടുകാരില്‍ ചിലര്‍ വീട്ടുകാരെ സംശയിച്ചു.
മോഷണത്തെക്കുറിച്ച്‌ പരാതി നല്‍കിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. വീടുപൂട്ടി പുറത്തേയ്ക്കുപോകുമ്ബോള്‍ വീടിന് മുന്‍വശത്തുള്ള തൂണിലാണ് എപ്പോഴും താക്കോള്‍വെക്കാറുള്ളത്. ഇതോടെ പരിചയക്കാരിലേക്കും സമീപ വാസികളിലേക്കും അന്വേഷണം വന്നു. എന്നാല്‍ ഇതേ രീതിയില്‍ മോഷണം നടത്തിയതിനു പിടിയിലായ സന്തോഷിനെ ചോദ്യം ചെയ്തതോടെ പണം മോഷ്ടിച്ചത് ഇയാളാണെന്നു തെളിഞ്ഞു.

സന്തോഷിനേയും കൂട്ടി എസിപി വി. കെ. രാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മോഷണം നടന്ന രവിയുടെ വീട്ടിലെത്തി. നാട്ടുകാരുടെ മുന്നില്‍ മോഷണ ശ്രമം സന്തോഷ് സമ്മതിച്ചതോടെയാണ് സംശയങ്ങള്‍ നീങ്ങിയത്.ഉടമസ്ഥര്‍ വീടുപൂട്ടി പുറത്തുപോയ തക്കത്തിന് ഇയാള്‍ ജനാലപ്പടിയിലും ചെടിച്ചട്ടിയിലുമൊക്കെ താക്കോല്‍ പരതി കണ്ടെത്തി. അകത്തുകടന്ന് അലമാരയില്‍ നിന്നും പണം എടുത്തശേഷം വീടുപൂട്ടി താക്കോല്‍ അവിടെ തന്നെ തിരിച്ചു വെക്കുകയായിരുന്നു. ഇങ്ങനെയാണ് സന്തോഷ് സ്ഥിരം മോഷിടിക്കാറുള്ളതെന്നും പോലീസ് പറയുന്നു.