19 April 2024 Friday

ഗ്രാമിന് 45000 രൂപയോളം വില വരുന്ന ലഹരി മരുന്നുമായി രണ്ടു പേര്‍ പിടിയില്‍; ലഹരിയില്‍ ഏറ്റവും അപകടകാരി, പ്രതികള്‍ക്ക് രാജ്യാന്തരബന്ധം?

ckmnews

മലപ്പുറം : രാജ്യാന്തര വിപണിയില്‍ ലക്ഷങ്ങള്‍ വില വരുന്ന ലഹരി മരുന്നുമായി രണ്ടു പേര്‍ മലപ്പുറം കാളികാവ് പൊലീസിന്റെ പിടിയിലായി. പ്രതികള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.

രാജ്യാന്തര മാര്‍ക്കറ്റില്‍ ഗ്രാമിന് 600 ഡോളര്‍ അല്ലെങ്കില്‍ 45000 രൂപയോളം വില വരുന്ന എം.ഡി.എം.എ എന്നറിയപ്പെടുത്ത ലഹരിമരുന്നാണ് പിടികൂടിയത്. ഏറ്റവും അപകടകാരിയായ ലഹരി മരുന്നാണിത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് ചാഴിയോട് പാലത്തിനു സമീപത്തു നിന്നാണ് കാറിലെത്തിയ പ്രതികളെ വലയിലാക്കിയത്. പെരിന്തല്‍മണ്ണ സ്വദേശികളായ വേങ്ങൂര്‍ സ്വദേശി മാട്ടുമ്മല്‍ തൊടി മുഹമ്മദ് ഫായിസ്, വലിയങ്ങാടി ചക്കുങ്ങല്‍ നൗഫല്‍ എന്നിവരാണ് പിടിയിലായത്.

9 പാക്കറ്റ് കഞ്ചാവും പ്രതികളില്‍ നിന്ന് കണ്ടെടുത്തു. രാജ്യാന്തര ലഹരിമരുന്ന മാഫിയയുമായുളള ബന്ധത്തിലൂടെയാണ് ക്രിസ്റ്റല്‍ മെത്ത്, ഐസ് മെത്ത് എന്നീ പേരുകളില്‍ അറിയപ്പെടുന്ന എം.ഡി.എം.എ കേരളത്തില്‍ എത്തിച്ചതെന്നാണ് സൂചന. പ്രതികളെ മഞ്ചേരി നാര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കി.